പി.എം. ശ്രീ ഒപ്പിടുന്നത് 1466 കോടി നേടാൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതിയിൽ ഒപ്പിടാൻ വിദ്യാഭ്യാസ വകുപ്പിന് ഒടുവിൽ മുഖ്യമന്ത്രിയും സി.പി.എമ്മും സമ്മതം നൽകിയത് സമഗ്രശിക്ഷ കേരളയ്ക്ക് (എസ്.എസ്.കെ) ലഭിക്കാനുള്ള കേന്ദ്ര കുടിശിക (1148 കോടി) ഉൾപ്പെടെ 1466 കോടി നേടിയെടുക്കാൻ. ഇതിന് മറ്റ് മാർഗമില്ലാതെ വന്ന സാഹചര്യത്തിലാണ് സി.പി.ഐയുടെ എതിർപ്പ് മറികടന്ന് തീരുമാനമെടുത്തത്. ഇക്കാര്യം സി.പി.ഐയെ ബോദ്ധ്യപ്പെടുത്തും. പദ്ധതിയിൽ ഒപ്പു വയ്ക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതികത്വം പറഞ്ഞ് പാവപ്പെട്ട കുട്ടികളുടെ ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ട തുക വേണ്ടെന്നുവയ്ക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ആരോഗ്യ, ഉന്നത വിദ്യാഭ്യസ, കാർഷിക രംഗങ്ങളിലെന്നത് പോലെ ഈ കേന്ദ്ര ഫണ്ടും വാങ്ങി ചെലവഴിക്കും. അതേസമയം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്നോട്ട് പോകില്ല. പാഠപുസ്തകത്തിൽ ഇന്ത്യാചരിത്രം വെട്ടിമാറ്റിയപ്പോൾ ബദൽ പാഠപുസ്തകം ഇറക്കിയത് അതിനു തെളിവാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ഫണ്ടായി വൻ തൂക നഷ്ടപ്പെടാതിരിക്കുന്നതിന് പദ്ധതിയിൽ ഒപ്പു വയ്ക്കാൻ ഗത്യന്തരമില്ലാതെ വന്നപ്പോൾ
സി.പി.എം തീരുമാനിച്ചിരുന്നെങ്കിലും, മന്ത്രിസഭാ യോഗത്തിൽ സി.പി.ഐയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി മന്ത്രി വി.ശിവൻകുട്ടി ഇക്കാര്യത്തിൽ വീണ്ടും ചർച്ച നടത്തിയിരുന്നു..
കേന്ദ്രം ഫണ്ട് തടഞ്ഞു; കേരളം വെട്ടിലായി
പി.എം. ശ്രീയിൽ ഒപ്പു വയ്ക്കാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്രം കേരളത്ഥിനുള്ള ഫണ്ട് തടഞ്ഞിരുന്നു. കുട്ടികളുടെ യൂണിഫോം, ഉദ്യോഗസ്ഥരുടെ ശമ്പളം, പാഠപുസ്തകം തുടങ്ങിയവയ്ക്കുള്ള ഫണ്ട് ലഭിക്കാതെ എസ്.എസ്. കെ യുടെ പ്രവർത്തനം പ്രതിസന്ധിയിലായി.2022 - 27 വർഷത്തേക്ക് കേന്ദ്രം വിഭാവനം ചെയ്ത പദ്ധതിയിൽ നിന്ന് ഇതുവരെ കേരളം വിട്ടു നിൽക്കുകയായിരുന്നു.പദ്ധതി നടപ്പായാൽ കുടിശികയ്ക്ക് പുറമെ,സംസ്ഥാനത്തിന് വരുന്ന രണ്ട് വർഷത്തേര്ക്ക് ലഭിക്കുന്ന തുക 318 കോടിയാണ്.