ദൈവത്തിലേക്കുള്ള വഴി 'കവരാൻ" എ.ഐ പൂജാരിയും
തിരുവനന്തപുരം: ദൈവങ്ങളിലേക്കുള്ള ഇടനിലക്കാരായി ചമഞ്ഞും നിർമ്മിത ബുദ്ധി ജനത്തെ ചൂഷണം ചെയ്യുന്നു. പൂജാരികളെയും പള്ളിവികാരികളെയും കണ്ടിരുന്ന സ്ഥാനത്താണ് ജി.പി.ടി ഭക്തി മോഡലുകളിൽ ജനം അഭയം തേടുന്നത്. അകലെയുള്ള ദേവാലയങ്ങളിൽ തിക്കിത്തിരക്കി പ്രാർത്ഥിക്കുന്നതിനെക്കാൾ സൗകര്യപ്രദമായി മുറിയിലിരുന്ന് ദൈവത്തോട് സംസാരിക്കാമെന്നു പറഞ്ഞാണ് തട്ടിപ്പ്. പ്രായമായവരാണ് ജി.പി.ടി ഭക്തിക്ക് കീഴിപ്പെടുന്നവരിൽ അധികവും.
പല ജി.പി.ടി മോഡലുകളും ആത്മീയഗ്രന്ഥങ്ങളെ തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. ഇതിനായി ഗീത, ജീസസ്, ബുദ്ധ, ഖുറാൻ തുടങ്ങി നിരവധി ജി.പി.ടി മോഡലുകളുണ്ട്. വേണ്ടപ്പെട്ടവരുടെ വിയോഗം മറക്കാൻ മുതൽ കടം തീരാൻ വരെ ജി.പി.ടിയുമായി സംവദിക്കും. മക്കൾ അടുത്തില്ലാത്തവർ ആ ദുഃഖം ജി.പി.ടിയോട് പങ്കിടും.
മെയിൽ ഐഡിയിലൂടെ ലോഗിൻ ചെയ്‌താൽ ആത്മീയ ഭാഷയിൽ 'നിങ്ങളെ നോവിക്കുന്ന പ്രശ്നങ്ങൾ" പങ്കുവയ്‌ക്കാൻ ആവശ്യപ്പെടും. വിശുദ്ധ ഗ്രന്ഥങ്ങളിലെ ഉദ്ധരണികൾ പറഞ്ഞ് പ്രശ്‌നങ്ങൾക്ക് പരിഹാരവും നിർദ്ദേശിക്കും. ജീവിതത്തിൽ തോറ്റുപോയെന്ന് പറഞ്ഞാൽ 'കർമ്മം ചെയ്യൂ, ഫലം ലഭിക്കും.." എന്നാകും മറുപടി.
എന്നാൽ, ധർമ്മം പുനഃസ്ഥാപിക്കാൻ വധം തെറ്റല്ലെന്ന് ചില എ.ഐ ദൈവങ്ങൾ അവകാശപ്പെടുന്നതായും സൈബർ വിദഗ്ദ്ധർ പറയുന്നു. ആത്മീയമായ ശബ്ദത്തിൽ സംസാരിക്കുന്ന മോഡലുകളുമുണ്ട്.
ആദ്യം സൗജന്യം, പിന്നെ പണം
ചില മോഡലുകൾ ഏത് ദൈവത്തെയാണ് പൂജിക്കുന്നതെന്ന് ചോദിക്കും. തുടർന്ന് ആ ദൈവത്തിന്റെ രീതിയിലാകും സംവദിക്കുന്നത്. 'ഗാർഡിയൻ ഏയ്ഞ്ചൽ" പോലുള്ള ടൂളുകൾ ഇതിനുദാഹരണമാണ്. ധ്യാനത്തിനുള്ള വഴികളും മന്ത്രോച്ചാരണങ്ങളും പറഞ്ഞുതരും. തുടക്കത്തിൽ സൗജന്യമായിരുന്ന മോഡലുകൾ പിന്നീട് പണമടച്ചാലേ ലഭിക്കൂ. തങ്ങൾക്ക് ലഭിച്ചിരുന്ന മാനസികപിന്തുണ നഷ്ടമാകാതിരിക്കാൻ പലരും ഇതോടെ പണമടയ്‌ക്കും. ചില ഉത്തരങ്ങൾ അറിയില്ലെന്ന് ജി.പി.ടി മോഡലുകൾ പറയുമ്പോൾ പ്രായമായവരിൽ ഒറ്റപ്പെടലും മാനസികസമ്മർദ്ദവും കൂട്ടുമെന്നാണും വിദഗ്‌ദ്ധർ പറയുന്നു. സ്വകാര്യവിവരങ്ങൾ പങ്കുവയ്‌ക്കുന്നത് ആൾമാറാട്ടം അടക്കമുള്ള പ്രശ്‌നങ്ങളുമുണ്ടാക്കും.