തോരാമഴ: ഒരു മരണം: എറണാകുളത്ത് കനത്ത നാശം

Monday 20 October 2025 1:34 AM IST

തോമസ്

കൊച്ചി/ ഇടുക്കി: കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടം. ഇടുക്കി കുമളിക്ക് സമീപം ചെളിയിൽ കുടുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. എറണാകുളത്ത് ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമുണ്ടായ ശക്തമായ മഴയും മിന്നൽ പ്രളയവും നഗരത്തിൽ കനത്തനാശം വിതച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ എറണാകുളം ബോട്ട് ജെട്ടിയിൽ പെയ്തത് 145 മില്ലി മീറ്റർ മഴ. ദർബാർഹാൾ ഗ്രൗണ്ടിൽ 139.5 മില്ലിമീറ്ററും മട്ടാഞ്ചേരിയിൽ 117 മി.മീറ്ററും മഴ പെയ്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, എം.ജി റോഡ് എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.

കുമളിക്ക് സമീപം വെള്ളാരംകുന്നിൽ ശനിയാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അപകടം. പറപ്പള്ളിൽ തോമസാണ് (തങ്കച്ചൻ, 66) മരിച്ചത്. ചായക്കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ മത്തൻകട ഭാഗത്തുവച്ച് സ്‌കൂട്ടർ നിയന്ത്രണംവിട്ട് റോഡിലേക്ക് ഇടിഞ്ഞു കിടന്ന മണ്ണിലേക്ക് മറിഞ്ഞു. കനത്ത മഴയായതിനാൽ ചെളിയിൽ അകപ്പെട്ട തോമസിന് എഴുന്നേൽക്കാനായില്ല. ഇതുവഴി എത്തിയ കാർ യാത്രക്കാരാണ് തല ചെളിയിൽ കുടുങ്ങിയ നിലയിൽ തോമസിനെ കണ്ടത്. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.15 അടി

13 ഷട്ടറുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല. 139.15 അടിയാണ് ജലനിരപ്പ്. സെക്കൻഡിൽ 9521 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 13 ഷട്ടറുകൾ 150 സെന്റിമീറ്റർ വീതം ഉയ‌ർത്തി സെക്കൻഡിൽ 8551 ഘനയടി ജലം പെരിയാറിലേക്ക് ഒഴുക്കുന്നുണ്ട്. സെക്കൻഡിൽ 1655 ഘനയടി ജലം ടണൽ വഴി തമിഴ്നാട് വൈഗ അണക്കെട്ടിലേക്കും കൊണ്ടുപോകുന്നുണ്ട്. എന്നിട്ടും ശനിയാഴ്ച രാത്രി 138.9 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ 139 കടന്നു. പെരിയാറിന്റെ തീരപ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം കയറി. പൊന്മുടി അണക്കെട്ടും തുറന്നു.