സ്വാമി സച്ചിദാനന്ദയ്‌ക്ക് എ. പാച്ചൻ സ്മാരക അവാർഡ്
ശിവഗിരി: സ്വാതന്ത്ര്യ സമരസേനാനിയും നവോത്ഥാന നായകനും ദളിത് സംഘടനാ നേതാവുമായ എ. പാച്ചന്റെ സ്മരണയ്ക്കായി എ. പാച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എ. പാച്ചൻ സ്മാരക അവാർഡ് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമിസച്ചിദാനന്ദക്ക്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 23ന് 3 മണിക്ക് പത്തനാപുരം ഗാന്ധിഭവൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വ്യവസായ മന്ത്രി പി.രാജീവ് നൽകും. ഗുരുദേവദർശനം പ്രചരിപ്പിക്കുന്നതിനൊപ്പം മതേതരത്വത്തിനും സാമൂഹിക നീതിക്കും പിന്നോക്ക അധ:സ്ഥിത വിഭാഗങ്ങളുടെ പുരോഗതിക്കു വേണ്ടി നിരന്തരം പ്രവർത്തിക്കുകയും വത്തിക്കാനിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഗൾഫ് രാജ്യങ്ങളിലും ഡൽഹിയിലും ഉൾപ്പെടെ നിരവധി സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിലും സ്വാമിസച്ചിദാനന്ദയുടെ നേതൃപാടവം പരിഗണിച്ചാണ് പുരസ്‌കാരം. കവി ചവറ കെ.എസ് പിള്ള, മാദ്ധ്യമ പ്രവർത്തകനും നോവലിസ്റ്റുമായ എസ്.സുധീശൻ, സാഹിത്യകാരൻ ഡോ. യൂനൂസ് എന്നിവർ ഉൾപ്പെട്ടതാണ് അവാർഡ് നിർണയ സമിതി.
ഫോട്ടോ: സ്വാമിസച്ചിദാനന്ദ