രാഷ്ട്രപതിയുടെ സന്ദർശനം: ശിവഗിരിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

Monday 20 October 2025 12:47 AM IST

ശിവഗിരി:ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ രണ്ടു വർഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി സമ്മേളന ഉദ്ഘാടനത്തിനായി 23ന് ശിവഗിരിയിൽ എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിനെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്.

ശിവഗിരി മഠത്തിലും പരിസര പ്രദേശങ്ങളിലും കേന്ദ്ര,സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ പരിശോധനകൾ പൂർത്തിയാകുന്നു. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും ശിവഗിരി ബന്ധുക്കളും ഉൾപ്പെടെ പങ്കെടുക്കും. ശിവഗിരി തീർത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിലാണ് സമ്മേളനം.

രാഷ്ട്രപതിയുടെ ശിവഗിരി സന്ദർശനം ചരിത്ര പ്രാധാന്യമേറിയതായതിനാൽ വർക്കലയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളും പരിപാടി വിജയിപ്പിക്കുന്നതിന് മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നു. അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഈ ചടങ്ങ് വർക്കലയുടെ സമഗ്രമായ വികസനത്തിന് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശിവഗിരി മഠത്തിലെ മുഴുവൻ സന്യാസി ശ്രേഷ്ഠരും രാഷ്ട്രപതിയുടെ സന്ദർശനം ശ്രദ്ധേയമാക്കുന്നതിനുള്ള നേതൃത്വപരമായ പങ്ക് വഹിക്കുന്നു.