എന്നെ കത്തിച്ചാലും പറയേണ്ടത് പറയും: വെള്ളാപ്പള്ളി നടേശൻ
കൊല്ലം: തന്നെ കത്തിച്ചാലും പറയേണ്ടത് പറയുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തിന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കന്റോൺമെന്റ് മൈതാനിയിൽ നൽകിയ സ്നേഹാദരവിന് നന്ദി പറയുകയായിരുന്നു വെള്ളാപ്പള്ളി.
'മുസ്ലീം സമുദായത്തോട് വിദ്വേഷമില്ല. അവരുമായി ചേർന്ന് സംവരണത്തിനായി ഒന്നിച്ച് സമരം ചെയ്തവരാണ് നമ്മൾ. പക്ഷെ അവർക്ക് അധികാരം ലഭിച്ചപ്പോൾ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല. അർഹതപ്പെട്ടതിലും അധികമായവ അധികാരം ഉപയോഗിച്ച് അവർ സ്വന്തമാക്കി. നീതി ചോദിക്കുമ്പോൾ ജാതി പറഞ്ഞ് വിമർശിക്കുകയാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രൂപീകരിച്ചപ്പോൾ ഗുരുവിന്റെ പടം പോലും കാണാത്തയാളെയാണ് ആദ്യം വൈസ് ചാൻസലറാക്കിയത്. അന്ന് കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയിലും ഈഴവ വൈസ് ചാൻസലറില്ലാത്ത സ്ഥിതിയായിരുന്നു.ഗുരുവിനെ അറിയാവുന്ന ഒരാളെ വയ്ക്കണമെന്ന് പറഞ്ഞപ്പോൾ, എന്നെ വർഗ്ഗീയവാദിയാക്കി. ലീഗുകാരെല്ലാം എനിക്കിട്ട് പണിയാൻ തുടങ്ങി.ചിലർ പറയുന്നു ഞാൻ ബി.ജെ.പിയാണെന്ന്. ചിലർ പറയുന്നു കോൺഗ്രസുകാരനാണെന്ന്. ചിലർ പറയുന്നൂ പിണറായിയുടെ ആളാണെന്ന്. ഇങ്ങനെ എന്നെ പല നിറത്തിലും വർണത്തിലുമൊക്കെ കാണാറുണ്ട്. ആര് നല്ലത് ചെയ്താലും നല്ലതെന്ന് പറയും.ഒത്തു പറയില്ല. ഉള്ളത് പറയും. ഒരു പാർട്ടിയുടെയും വാലാകില്ല'- അദ്ദേഹം പറഞ്ഞു.
എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ സ്നേഹാദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെപ്പറ്റി കേരളകൗമുദി പ്രസിദ്ധീകരിച്ച 'മുപ്പതിന്റെ മുഴക്കം' മന്ത്രി കെ.എൻ. ബാലഗോപാൽ പ്രീതി നടേശനു കൈമാറി പ്രകാശനം ചെയ്തു. മന്ത്രി ജെ. ചിഞ്ചുറാണി, മുൻ മന്ത്രി രമേശ് ചെന്നിത്തല, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മേയർ ഹണി ബെഞ്ചമിൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദിയും പറഞ്ഞു.