കശുഅണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനം

Monday 20 October 2025 1:53 AM IST

ആലപ്പുഴ: കശുഅണ്ടി വ്യവസായം പ്രോത്സാഹിപ്പിക്കാൻ സ്വകാര്യ സംരംഭകർക്ക് വായ്പാ പദ്ധതിയുമായി വ്യവസായ വകുപ്പ്. ചെറുകിട,ഇടത്തരം കശുഅണ്ടി ഫാക്ടറി യൂണിറ്റുകൾക്ക് നഷ്ടപ്പെട്ട ഉപജീവനമാർഗ്ഗം വീണ്ടെടുക്കാനുള്ള മൂലധനം ലഭ്യമാക്കുന്നതിനാണിത്. 2022-23ലെ സംസ്ഥാന ബഡ്ജറ്റ് പ്രകാരം ആവിഷ്കരിച്ച ഏഴ് കോടിയുടെ പദ്ധതിയിൽ ആദ്യ ഗഡുവായി രണ്ട് കോടി ഈ സാമ്പത്തിക വർഷം നൽകും.

കശുഅണ്ടി സംസ്കരണയന്ത്രങ്ങൾ സ്ഥാപിക്കൽ,കെട്ടിടങ്ങളുടെ നവീകരണം,യൂണിറ്റുകളുടെ അറ്റകുറ്റപ്പണി,ഉത്പാദനക്ഷമതയും വിറ്റുവരവും മെച്ചപ്പെടുത്താനാവശ്യമായ ക്രമീകരണങ്ങൾ എന്നിവയ്ക്കാണ് സഹായം. സാങ്കേതികവിദ്യ നവീകരണം,പ്ലാന്റ്,യന്ത്രങ്ങൾ,ഷെല്ലിംഗ്,പീലിംഗ് വിഭാഗങ്ങളുടെ നവീകരണം എന്നിവയിലൂടെ സ്വകാര്യ കശുഅണ്ടി ഫാക്ടറികളെ കൂടുതൽ മത്സരാധിഷ്ഠിതവും ലാഭകരവുമാക്കി പുനരുജ്ജീവിപ്പിക്കാനുള്ള ഗ്രാന്റുകളും പദ്ധതിയിലുണ്ട്.

2020 മാർച്ച് വരെ പ്രവർത്തിച്ചിരുന്നതോ ഇപ്പോഴും പ്രവർത്തിക്കുന്നതോ ആയ എല്ലാ ചെറുകിട,ഇടത്തരം കശുഅണ്ടി ഫാക്ടറികൾക്കും സഹായമുണ്ട്. ഒരു കോടി രൂപ പ്രതിവർഷം പ്രവർത്തന മൂലധനമുള്ള യൂണിറ്റിന് വർഷത്തിൽ 10 ലക്ഷത്തിന്റെ സഹായം ലഭിക്കും. പരമാവധി 40 ലക്ഷം. സഹായം ലഭിച്ച് 5വർഷം തുടർച്ചയായി പ്രവർത്തിക്കണം. തെറ്റായ വിവരങ്ങൾ നൽകിയാൽ 14% പലിശ സഹിതം പണം തിരിച്ചടയ്ക്കണം.സംരംഭകരുടെ അപേക്ഷകൾ ജില്ലാ കളക്ടർ ചെയർമാനായുള്ള സാഗ്ഷനിംഗ് അതോറിട്ടിക്ക് എത്തിക്കുന്നത് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരാണ്.

സ്വകാര്യ സംരംഭകരെയും കശുഅണ്ടി വ്യവസായത്തെയും സംരക്ഷിക്കാൻ ആവിഷ്കരിച്ച പദ്ധതിയാണിത്. ആദ്യ ഗഡു രണ്ട് കോടിയാണ്.

-വ്യവസായ വാണിജ്യ ഡയറക്ട്രേറ്റ്,

തിരുവനന്തപുരം