രാജ്യത്തിന്റെ കോശങ്ങളിൽ വർഗീയത വ്യാപിച്ചു: എം.എ.ബേബി
ആലപ്പുഴ: രാജ്യത്തിന്റെ കോശങ്ങളിൽ വർഗീയത വ്യാപിച്ചെന്നും ഫാസിസ്റ്റ് ആർ.എസ്.എസിനെ ഭരണത്തിൽ നിന്നുമാത്രം തോല്പിച്ചാൽ പോരാ, കാണാവുന്നതും അല്ലാത്തതുമായ എല്ലാ കോശങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. കർഷക തൊഴിലാളി മാസിക ഏർപ്പെടുത്തിയ പ്രഥമ വി.എസ്.അച്യുതാനന്ദൻ പുരസ്‌കാരം എസ്.രാമചന്ദ്രൻ പിള്ളയ്ക്കു സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഫാസിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസ് സർക്കാർ മൂന്നാമതും ഭരണത്തിലെത്തി. ഉത്തർപ്രദേശ് ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളിൽ ബി.ജെ.പിയും സംഘപരിവാറും ഭരണഘടനയിലെ മതേതര റിപ്പബ്ലിക് എന്ന ഉള്ളടക്കം ചോർത്തിക്കളയുന്നു. ബ്രാഹ്മണ ചാതുർവർണ്യം പുതിയ രൂപത്തിൽ കൊണ്ടുവരാൻ ശ്രമം നടക്കുകയാണ്. വർഗീയതയെ ഇല്ലാതാക്കാൻ രാഷ്ട്രീയമായും സാംസ്‌കാരികമായും നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ പ്രശംസാപത്രം അവതരിപ്പിച്ചു. എസ്. രാമചന്ദ്രൻ പിള്ള, സ്വാഗതസംഘം ചെയർമാൻ ആർ. നാസർ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാത, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജോ. സെക്രട്ടറി ഡോ.വി.ശിവദാസൻ എം.പി, സ്വാഗത സംഘം കൺവീനർ എം.സത്യപാലൻ, പി.കെ.മേദിനി എന്നിവർ സംസാരിച്ചു.
അതേസമയം, കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ വിശ്വാസ സംരക്ഷണ ജാഥ അദ്വാനിയുടെ രഥഘോഷയാത്രയ്ക്ക് സമാനമാണെന്ന് ചടങ്ങിൽ പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. മൂന്നാം ഇടതുസർക്കാർ വരാതിരിക്കാൻ ബി.ജെ.പി നടത്തിയ എല്ലാ പ്രവർത്തനങ്ങളുടെയും ശൈലി കോൺഗ്രസ് സ്വീകരിക്കുന്നു. ഇതിന്റെ ഗുണം സംഘപരിവാറിനാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രായപരിധി; ഒഴിവാക്കൽ സ്വാഭാവികം
പ്രായപരിധിയുടെ പേരിലുള്ള ഒഴിവാക്കൽ സ്വാഭാവികമാണെന്ന് ജി. സുധാകരന്റെ പേര് പരാമർശിക്കാതെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടവർ നേതൃത്വത്തിൽ നിന്ന് ഒഴിയുന്നുവെന്നേയുള്ളൂ. അതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പോവുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേതൃസ്ഥാനത്ത് നിന്ന് ഒഴിയുന്നവർ പാർട്ടിപ്രവർത്തനം തുടരണം. അതിന്റെ ഉദാഹരണമാണ് എസ്. രാമചന്ദ്രൻ പിള്ള എന്നും അദ്ദേഹം പറഞ്ഞു.
ജി.സുധാകരൻ എന്റെ നേതാവ്: സജി ചെറിയാൻ
ജി.സുധാകരൻ തന്റെ നേതാവാണെന്നും തന്നെ അദ്ദേഹം വിമർശിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ. എന്റെ ഉപദേശം സ്വീകരിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ലെന്നും സജി ചെറിയാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന് എന്നെപ്പറ്റി ഒരു തെറ്രിദ്ധാരണയുമില്ല. പാർട്ടിക്കകത്തും ഒരുപ്രശ്നവുമില്ല. പാർട്ടി ശക്തമായാണ് മുന്നോട്ട് പോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കും. വലിയ വിജയം ലഭിക്കും. ജില്ലയിലെ തിരഞ്ഞെടുപ്പ് ജി.സുധാകരൻ തന്നെ മുന്നിൽ നിന്ന് നയിക്കും. ജി. സുധാകരന് അതൃപ്തിയുണ്ടെങ്കിൽ അത് ഞങ്ങൾ സംസാരിച്ച് തീർത്തോളാം. ഏത് പ്രതിസന്ധികളുണ്ടെങ്കിലും വരുന്ന തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലാ മൂന്നാം ഭരണത്തിന് വഴിയൊരുക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു. ജീവിതം മുഴുവൻ ഈ പ്രസ്ഥാനത്തിനായി സമർപ്പിച്ച കേരളത്തിലെ മാതൃക കമ്മ്യൂണിസ്റ്റായ എസ്. രാമചന്ദ്രൻ പിള്ളക്കാണ് വി.എസിന്റെ പേരിലുള്ള പുരസ്‌കാരം സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.