ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഡോ. സുരേഷ്

Monday 20 October 2025 1:55 AM IST

തിരുവനന്തപുരം: ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ഏഴാം വർഷവും ഇടംപിടിച്ച് ഡോ.സി.എച്ച്.സുരേഷ്. കോട്ടയം പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറും പാപ്പനംകോട്ടെ ഇന്റർ ഡിസിപ്ളിനറി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചീഫ് സയന്റിസ്റ്റുമാണ്.

വിവിധ മേഖലകളിലെ മികച്ച ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും ആംസ്റ്റർഡാമിലെ എൽസേവിയർ റിസർച്ച് അക്കാഡമിയും ചേർന്നാണ് ഓരോ വർഷവും പട്ടിക തയ്യാറാക്കുന്നത്. ആഗോള ശാസ്ത്രസമൂഹത്തിന് നൽകുന്ന സംഭാവനകളാണ് അടിസ്ഥാനമാക്കുന്നത്. സർട്ടിഫക്കറ്റും അന്താരാഷ്ട്ര ശാസ്ത്രവേദികളിൽ സ്ഥാനവും ഗവേഷണ സഹായങ്ങളും ലഭിക്കും.

കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം ചെറുമുട്ടത്ത് പി.സി.ഹരിഹരൻ നായർ -ലീലാമ്മ ദമ്പതികളുടെ മകനാണ് ഡോ.സുരേഷ്. പുണെ സാവിത്രിഭായ് ഫൂലെ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടി. കംപ്യൂട്ടേഷണൽ കെമിസ്ട്രി, തിയററ്റിക്കൽ കെമിസ്ട്രി മേഖലകളിൽ 250ൽ അധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. നഗോയ യൂണിവേഴ്സിറ്റി (ജപ്പാൻ), ഇന്ത്യാന യൂണിവേഴ്സിറ്റി (യു.എസ്), മാർബർഗ് യൂണിവേഴ്സിറ്റി (ജർമനി)​ എന്നിവിടങ്ങളിൽ പോസ്റ്റ്‌ഡോക്ടറൽ ഗവേഷണം നടത്തി. വി.എസ്.എസ്.സി സയന്റിസ്റ്റും എം.എം.ടി.ഡി ഡിവിഷൻ മേധാവിയുമായ ഡോ.കെ.പി. വിജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: ഹരിശങ്കർ, റാം ശങ്കർ.