തീവ്രവാദത്തിനെതിരെ പോരാട്ടം തുടരും: തസ്‌ലിമ നസ്റീൻ

Monday 20 October 2025 12:58 AM IST

കൊച്ചി: മതതീവ്രവാദത്തിനും അസഹിഷ്ണുതയ്‌ക്കുമെതിരെ പോരാട്ടം തുടരുമെന്ന് ബംഗ്ളാദേശി സാഹിത്യകാരിയും ഇസ്ളാമിക തീവ്രവാദത്തിന്റെ ഇരയുമായ തസ്‌ലിമ നസ്റീൻ പറഞ്ഞു. സ്വതന്ത്രചിന്തകരുടെയും നിരീശ്വരവാദികളുടെയും കൂട്ടായ്മയായ എസൻസ് കൊച്ചിയിൽ സംഘടിപ്പിച്ച ലിറ്റ്മസ് സമ്മേളനത്തിൽ എസൻസ് ലൈഫ് ടൈം അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. സ്ത്രീത്വത്തെയും അവരുടെ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും ഏറ്റവും അധികം എതിർക്കുന്നത് ഏതുമതമാണോ ആ മതത്തോടാകും തന്റെ ഏറ്റവും ശക്തമായ പോരാട്ടം. എന്നും അടിച്ചമർത്തപ്പെട്ടവർക്ക് ഒപ്പമാണ് . ബംഗ്ളാദേശി​ൽ ഹി​ന്ദുക്കളും പാകി​സ്ഥാനി​ൽ ക്രൈസ്തവരും ചവി​ട്ടി​ ഒതുക്കപ്പെട്ടപ്പോൾ അവർക്ക് വേണ്ടി​യാണ് സംസാരി​ച്ചത്. അതുപോലെ തന്നെ മുസ്ളീങ്ങൾക്ക് നേരെ എവി​ടെ അതി​ക്രമമുണ്ടായാലും എതി​ർക്കും. അവി​ശ്വാസി​കളായാലും വി​ശ്വാസി​കളായാലും അവർക്ക് സ്വതന്ത്രമായി​ ജീവി​ക്കാനാകണം. മതസ്വത്വം തനി​ക്ക് അപ്രസക്തമാണെന്നും തസ്‌ലിമ നസ്റീൻ പറഞ്ഞു.

മതത്തെയും സമൂഹത്തെയും വേറി​ട്ടുകാണാത്ത ഒരു രാജ്യവും പുരോഗതി​യി​ലേക്കും സ്വതന്ത്രചി​ന്തയി​ലേക്കും നീങ്ങി​യി​ട്ടി​ല്ല. മതശാസനകൾ കാലത്തി​ന് ചേർന്നതല്ലെന്ന് പറഞ്ഞതി​നാണ് ജന്മരാജ്യമായ ബംഗ്ളാദേശി​ൽ നി​ന്ന് പുറത്തുപോകേണ്ടി​വന്നത്. ഇപ്പോൾ സ്വരാജ്യമി​ല്ല, വീടി​ല്ല. സ്വതന്ത്രചി​ന്തകന്റെയും മനുഷ്യാവകാശ പ്രവർത്തകന്റെയും പുരോഗമനവാദി​യുടെയും മനസി​ലാണ് തന്റെ വീട്.

മതനി​ന്ദ നടത്തി​യെന്ന പേരി​ൽ തീവ്രവാദി​കൾ കൈ വെട്ടി​യ പ്രൊഫ. ടി​.ജെ. ജോസഫാണ് തസ്‌ലി​മയ്ക്ക് ലി​റ്റ്മസ് അവാർഡ് സമ്മാനി​ച്ചത്. അറ്റുപോയ കൈകൾ കൊണ്ട് ഈ അവാർഡ് നൽകാനായതി​ൽ അത്യധി​കം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കനത്ത സുരക്ഷയി​ലാണ് കടവന്ത്ര രാജീവ് ഗാന്ധി​ ഇൻഡോർ സ്റ്റേഡി​യത്തി​ൽ ചടങ്ങ് നടന്നത്.