നടുറോഡിൽ കബാലി : അഞ്ച് മണിക്കൂർ ഗതാഗതകുരുക്ക്
ചാലക്കുടി: കാട്ടാന കബാലി ഷോളയാറിൽ റോഡിലിറങ്ങി അഞ്ച് മണിക്കൂറോളം വാഹനങ്ങൾ തടഞ്ഞിട്ടു. രണ്ട് വാഹനങ്ങൾ ഭാഗികമായി തകർത്തു. ആളപായമില്ല. കെ.എസ്.ആർ.ടി.സിയുടെ പത്തോളം വിനോദ യാത്രാബസുകളുടക്കം നൂറോളം വാഹനങ്ങളാണ് കുരുക്കിൽപ്പെട്ടത്. ഷോളയാർ ഡാമിന്റെ പെൻസ്റ്റോക്ക് പൈപ്പ് കടന്നുപോകുന്ന ഭാഗത്താണ് ഞായറാഴ്ച വൈകീട്ട് മൂന്നോടെ കൊമ്പനാനയെത്തിയത്. റോഡിലേക്ക് മറിച്ചിട്ട രണ്ട് ചൂണ്ടപ്പനകൾ തിന്ന ആന റോഡിന്റെ നടുവിൽ നിലയുറപ്പിച്ചു. ഇതോടെ ഇരുഭാഗത്തുമായി വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഇടയ്ക്ക് ഡോറിൽ തുമ്പിക്കൈകൊണ്ട് തട്ടിയതോടെ കാറുകൾക്ക് ചെറിയ രീതിയിൽ കേടുപാടുണ്ടായി. വനപാലകർ ഉടനെ സ്ഥലത്തെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. കൂടുതൽ ഉദ്യോഗസ്ഥരെത്തി, ആനയെ തുരത്താൻ ശ്രമിച്ചു. ഒടുവിൽ രാത്രി എട്ടോടെയാണ് ആന മലമുകളിലേക്ക് തിരിച്ചത്. പിന്നീട് വാഹനങ്ങൾ കടത്തിവിട്ടു. ഒരു മാസത്തിനിടെ രണ്ടാം വട്ടമാണ് കബാലി റോഡിലിറങ്ങി വാഹനങ്ങൾ തടയുന്നത്.