ഗണേശ്‌കുമാർ മാപ്പ് പറയണം: എം.വിൻസെന്റ്

Monday 20 October 2025 1:01 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്ഥലംമാറ്റിയതിൽ മന്ത്രി കെ.ബി. ഗണേശ്‌കുമാർ മാപ്പ് പറയണമെന്ന് എം.വിൻസെന്റ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു.

നിരപരാധിയായ ഡ്രൈവറെ കുടിവെള്ള കുപ്പി ബസ്സിൽ സൂക്ഷിച്ചു എന്ന നിസ്സാര കാര്യത്തിന് സ്ഥലംമാറ്റിയ ഗതാഗത മന്ത്രിയുടെ നടപടി ഹൈക്കോടതി രൂക്ഷമായ വിമർശനത്തോടെയാണ് റദ്ദാക്കിയത്. ഹൈക്കോടതി വിധി ഗണേശ്കുമാറിന്റെ അധികാര ഗർവ്വിനേറ്റ തിരിച്ചടിയാണ്.

വെള്ളം സൂക്ഷിച്ച ഡ്രൈവറെ കോടികളുടെ എം.ഡി.എം.എ കടത്തിയ പ്രതിയെ പിടികൂടുന്ന പോലെയാണ് മന്ത്രി പിന്തുടർന്ന് ബസ് തടഞ്ഞിട്ടു പിടികൂടിയത്. വെള്ളം കുടിച്ച ശേഷം കുപ്പി എവിടെയെങ്കിലും വലിച്ചെറിഞ്ഞു കളയണം എന്ന ക്ലീൻ കേരള സങ്കല്പമാണ് മന്ത്രിയുടേതെന്നും അദ്ദേഹം പരിഹസിച്ചു.