പോറ്റി പീഠത്തിന്റെ അളവ് എടുത്തത് അനുമതിയില്ലാതെ
തിരുവനന്തപുരം: ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിലെ ദ്വാരപാലക പീഠത്തിന്റെ അളവെടുത്തത് അനുമതിയില്ലാതെയെന്ന് വിവരം. സന്നിധാനത്ത് ആളെ എത്തിച്ച് പീഠത്തിന്റെ അളവെടുക്കാൻ പോറ്റിക്ക് രേഖാമൂലം ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നില്ലെന്ന് എസ്.ഐ.ടി കണ്ടെത്തി. 2020ൽ പോറ്റി ഒരു ജീവനക്കാരനെയും കൂട്ടി പീഠത്തിന്റെ അളവെടുത്തു. ഈ പീഠം ചേരാതെ വന്നപ്പോൾ സുഹൃത്തിന് കൈമാറി. ഈ പീഠമാണ് പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നു ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.
2019ൽ സ്വർണം പൂശിയ പീഠത്തിന്റെ തിളക്കം മങ്ങിയെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിരുന്നു. തുടർന്നാണ് വീണ്ടും സ്വർണം പൂശാമെന്ന് പോറ്റി കത്ത് നൽകിയത്.
ശ്രീകോവിലിന്റെ പുതിയ വാതിൽ ബംഗളൂരുവിൽ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ പ്രദർശനത്തിന് വച്ചതിന്റെ ദൃശ്യങ്ങൾ ഇന്നലെ പ്രചരിച്ചിരുന്നു. ശ്രീറാംപുരയിൽ പ്രത്യേക പൂജകൾ നടത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയും സഹായി രമേഷ് റാവുവും ചേർന്നാണ് സ്വർണം പൂശിയ വാതിൽ എത്തിച്ചത്.