കുട്ടനാട്ടിലെ പാർട്ടി പരിപാടിക്കെത്താതെ ജി.സുധാകരൻ
□അനുനയ നീക്കം ഫലിച്ചില്ല
ആലപ്പുഴ: സി.പി.എമ്മിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ മുഖമാസികയായ 'കർഷക തൊഴിലാളി 'ഏർപ്പെടുത്തിയ പ്രഥമ വി.എസ്.അച്യുതാനന്ദൻ പുരസ്ക്കാര ദാന ചടങ്ങിൽ പങ്കെടുക്കുന്നതിന് നേരിട്ടെത്തി ക്ഷണിച്ചിട്ടും അദ്ദേഹം പങ്കെടുത്തില്ല.
'കുട്ടനാട്ടിൽ നമ്മുടെ ആവശ്യമില്ല. അവർ നടത്തിക്കോളും. അവിടെ ആളുണ്ട് ' എന്നായിരുന്നു പരിപാടിയിൽ പങ്കെടുക്കുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ജി.സുധാകരൻ നൽകിയ മറുപടി. മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത, ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ എന്നിവർ ജി.സുധാകരന്റെ വീട്ടിലെത്തി പുരസ്ക്കാര ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. കുട്ടനാട്ടിലെ പരിപാടിയിൽ പങ്കെടുക്കാതിരുന്ന ജി.സുധാകരൻ ഇന്നലെ കരുനാഗപ്പള്ളിയിൽ നാടകശാല സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് പങ്കെടുത്തത്. എന്നാൽ, പരിപാടിയുടെ നോട്ടീസ് പോലും നൽകാതെ വെറുതെ ക്ഷണിക്കുയായിരുന്നു.