തസ്‌ലിമയുടെ യോഗത്തിൽ തോക്ക്: യുവാവിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
കൊച്ചി: ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്റിൻ പങ്കെടുത്ത നിരീശ്വരവാദികളുടെയും സ്വതന്ത്ര ചിന്താഗതിക്കാരുടെയും സമ്മേളനത്തിൽ പിസ്റ്റലുമായിയെത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. വധഭീഷണിയെ തുടർന്ന്,ലൈസൻസുള്ള തോക്ക് കൈവശം വയ്‌ക്കുന്നയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സമ്മേളനം കഴിയുന്നതു വരെ പൊലീസ് സ്റ്റേഷനിൽ നിരീക്ഷണത്തിൽ ഇരുത്തി വിട്ടയച്ചത്.
ജില്ലയിൽ വിവാദം സൃഷ്ടിച്ച ഡി.വൈ.എഫ് നേതാവ് വിദ്യാധരൻ കൊലക്കേസിലെ രണ്ടാം സാക്ഷിയും കപിൽ വധക്കേസിലെ മുഖ്യസാക്ഷിയുമായ ഉദയംപേരൂർ പത്താംമൈൽ കൊച്ചുപള്ളി സ്വദേശി അജീഷിനെ (44)ആണ് കസ്റ്റഡിയിലെടുത്തത്. എസെൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. രാവിലത്തെ സെഷനിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ കൗണ്ടറിലെത്തിയ അജീഷ് തോക്ക് കൈവശമുണ്ടെന്ന് ഹാളിലേക്ക് പ്രവേശിക്കും മുൻപ് സെക്യുരിറ്റി ജീവനക്കാരനെ അറിയിച്ചെങ്കിലും തടഞ്ഞില്ല. പിന്നീടാണ് ജീവനക്കാരൻ സംഘാടകരെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ കടവന്ത്ര പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അജീഷിനെ തിരിച്ചറിഞ്ഞതും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയതും. ബാഗിലായിരുന്നു തോക്കുണ്ടായിരുന്നത്. സംഭവസമയത്ത് തസ്ലിമ സ്റ്റേഡിയത്തിലുണ്ടായിരുന്നില്ല. പൊലീസിന്റെ നിർദ്ദേശപ്രകാരം ഒരു മണിക്കൂറോളം സമ്മേളനം നിറുത്തിവച്ച് എല്ലാ പ്രതിനിധികളെയും മെറ്റൽ ഡിറ്റക്ടർ വഴി സുരക്ഷാ പരിശോധന നടത്തിയാണ് വീണ്ടും അകത്തേക്ക് കടത്തിവിട്ടത്. വൈകിട്ട് തസ്‌ലിമ പുരസ്കാരം ഏറ്റുവാങ്ങി മടങ്ങുന്നതു വരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഇൻഡോർ സ്റ്റേഡിയത്തിലുണ്ടായിരുന്നു.
2003 സെപ്തംബർ 3ലെ വിദ്യാധരൻ കൊലക്കേസിൽ പ്രധാനസാക്ഷിയായ അജീഷ് 2006ൽ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അക്രമത്തിൽ അജീഷിന്റെ സുഹൃത്ത് കുത്തേറ്റ് മരിച്ചിരുന്നു. അജീഷ് പിന്നീട് ട്രഷറി വകുപ്പിൽ ജീവനക്കാരനായി.