പ്രശ്നം മാലിന്യമെന്ന് ഡോ.ഹാരിസ് അമീബിക് മസ്തിഷ്കജ്വരത്തിന് ഡോക്ടറെ വെട്ടിയിട്ട് കാര്യമില്ല

Monday 20 October 2025 1:06 AM IST

തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്‌കജ്വരം പടരുന്നതിന് കാരണം കണ്ടെത്താൻ വലിയ ഗവേഷണമൊന്നും വേണ്ടെന്നും മാലിന്യം വലിച്ചെറിയുന്നതാണ് രോഗത്തിന് കാരണമെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറയ്ക്കൽ.കഴിഞ്ഞ 20 വർഷങ്ങൾക്കു മുൻപ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസര ശുചിത്വമില്ലായ്മയാണ്.

അതിന് ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമില്ല.തൊട്ടടുത്ത തമിഴ്‌നാട്ടിലും കർണാടകയിലും റിപ്പോർട്ട് ചെയ്യുന്നില്ല.കേരളത്തിൽ 140 പേരെ ബാധിച്ചു.26 മരണങ്ങളുമുണ്ടായി.എലിപ്പനി,കൊതുക് പരത്തുന്ന ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ,തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്.ഇത് പരിഹരിക്കേണ്ടത് സമൂഹത്തിന്റെ ആകെ ബാദ്ധ്യതയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഹാരിസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.ഈ രോഗം പടരുന്നതുമായി ആരോഗ്യ വകുപ്പിന് എന്ത് ബന്ധമെന്നായിരുന്നു കമ്മ്യൂണിറ്റി മെഡിസിൽ പ്രൊഫ.ഡോ.എ.അൽത്താഫിന്റെ ചോദ്യം.ജലാശയങ്ങൾ മലിനമാകുന്നതാണ് അമീബ പെരുകുന്നതിനും രോഗപ്പകർച്ചക്കും കാരണം.ഇതിനൊക്കെ കാരണമായ മാലിന്യ സംസ്‌കരണത്തിലെ പ്രശ്നങ്ങളുമായി ഡോക്ടർമാർക്കോ ആരോഗ്യ വകുപ്പിനോ കാര്യമായ ഒരു ബന്ധവുമില്ല.രോഗനിർണയവും ചികിത്സയുമാണ് ഡോക്ടർമാരുടെയും ആരോഗ്യവകുപ്പിന്റെയും റോൾ.അതവർ ഭംഗിയായി നിർവഹിക്കുന്നുണ്ട്.അമീബിക് മസ്തിഷ്‌കജ്വരത്തിൽ 25ശതമാനത്തിൽ കുറവ് മരണനിരക്ക് ലോകത്ത് മറ്റെവിടെയാണുള്ളതെന്നും അദ്ദേഹം കുറിച്ചു.അതേസമയം ശുചിത്വത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ പിന്നിലാണെന്ന ഡോക്ടറുടെ പരാമർശത്തിൽ വിമർശനമുയർന്നിട്ടുണ്ട്. കേരളത്തിന്റെ രോഗനിർണയ സംവിധാനങ്ങളുടെ മികവാണിതെന്നും ഒരുകൂട്ടർ പറയുന്നു.