കളിക്കളത്തിന് ഇന്ന് കൊടിയിറങ്ങും കരുത്തരായി വയനാട്
കുളത്തൂർ: പട്ടിക വർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന 8-ാ മത് കളിക്കളം കായികമേള ഇന്ന് സമാപിക്കും. രണ്ടാം ദിനം അവസാനിച്ചപ്പോൾ 225 പോയിന്റോടെ വയനാട് ജില്ല ആധിപത്യം തുടരുകയാണ്. 54 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 44 പോയിന്റോടെ തൃശ്ശൂർ മൂന്നാമതും 43 പോയിന്റുമായി കാസർഗോഡ് നാലാം സ്ഥാനത്തുമുണ്ട്. 56 മത്സര ഇനങ്ങളിൽ നിന്നായി 8 സ്വർണവും 6 വെള്ളിയും 2 വെങ്കലവുമായി 60 പോയിന്റോടെ കണിയാമ്പറ്റ എം.ആർ.എസ് ഒന്നാം സ്ഥാനത്തെത്തി. 7 സ്വർണവും 3 വെള്ളിയും 5 വെങ്കലവും കരസ്ഥമാക്കി 54 പോയിന്റോടെ എം.ആർ.എസ് കണ്ണൂർ തൊട്ട് പിന്നിലുണ്ട്.45പോയിന്റുമായി ഡോ. അംബേദ്കർ മെമ്മോറിയൽ എം ആർ.എസ് നല്ലൂർനാട് മൂന്നാം സ്ഥാനത്തും 43 പോയിന്റുമായി ചാലക്കുടി എം ആർ.എസ് നാലാം സ്ഥാനത്തുമെത്തി. സ്വിമ്മിംഗ് ഫ്രീ സ്റ്റൈൽ, 1500 മീറ്റർ ഓട്ടം, അമ്പെയ്ത്ത്, ക്രിക്കറ്റ് ബാൾ ത്രോ, ലോംഗ് ജമ്പ്, ഷോട്ട്പുട്ട്, ഹൈജമ്പ്, കിഡ്ഡീസ്, ജാവലിൻ ത്രോ, ഫ്രീ സ്റ്റൈൽ റിലേ എന്നീ ഇനങ്ങളാണ് പൂർത്തിയായത്. ഇന്ന് വൈകിട്ട്ന് 3ന് കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി ഒ. ആർ.കേളു നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.