പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു, പരാതിയുമായി വീട്ടുകാർ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് രക്തസമ്മർദ്ദം കുറഞ്ഞ 22 കാരി ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് മരണകാരണമെന്നും ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
തേവലക്കര വല്യത്ത് ജംഗ്ഷന് സമീപം കോട്ടപ്പുറത്ത് കിഴക്കതിൽ നൗഫലിന്റെ ഭാര്യ ജാരിയത്താണ് മരിച്ചത്. യുവതിയുടെ രണ്ടാം പ്രസവമായിരുന്നു. കഴിഞ്ഞ 14 നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കലശലായ പ്രസവ വേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി 12 മണിയോടെ നടന്ന ഓപ്പറേഷനിൽ യുവതി ഒരു പെൺകുട്ടിക്ക് ജന്മം നൽകി. തുടർന്ന് ജാരിയത്തിനെ നിരീക്ഷണ വാർഡിലേക്ക് മാറ്റി. എന്നാൽ പെട്ടന്ന് രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു. ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 108 ആബുലൻസിൽ ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലർച്ചെ 4 മണിയോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. കുഞ്ഞ് മെഡി. ആശുപത്രി ഐ.സി.യുവിലാണ്. ആദ്യ പ്രസവം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് ഇന്ന് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.