അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ ആഫ്രിക്കൻ ആധിപത്യം,​ അർജന്റീനയെ തകർത്ത് വിജയികളായി മൊറോക്കോ

Monday 20 October 2025 8:03 AM IST

സാന്റിയാഗോ: ഏഴാം തവണ കിരീടനേട്ടം കൊതിച്ചിറങ്ങിയ അർജന്റീനയെ ഫൈനലിൽ തകർത്ത് മൊറോക്കോയ്‌ക്ക് അണ്ടർ 20 ലോകകപ്പ് കിരീടം. ഫൈനലിൽ 2-0നാണ് അർജന്റീനയെ മൊറോക്കോ തോൽപ്പിച്ചത്. ഇതാദ്യമായാണ് അണ്ടർ 20 ലോകകപ്പ് ഫൈനലിൽ മൊറോക്കോ എത്തുന്നത്. നീണ്ട 16 വർഷങ്ങൾക്ക് ശേഷം കപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി. ഇതിനുമുൻപ് 2009ൽ ഘാന ആണ് അണ്ടർ 20 ലോകകിരീടം നേടിയത്.

യുവതാരം യാസിർ സാബ്രിയാണ് മൊറോക്കോയുടെ വിജയശിൽപി. പോർച്ചുഗീസ് ക്ളബായ എഫ്‌സി ഫമലിക്കാവോയ്‌ക്ക്‌ വേണ്ടി കളിക്കുന്ന താരമാണ് യാസിർ. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ യാസിർ രണ്ട് ഗോളുകൾ നേടി ടീമിനെ മുന്നിലെത്തിച്ചു. എല്ലാതരം ലോകകപ്പ് മത്സരങ്ങളുടെയും കണക്കെടുത്താൽ മൊറോക്കോ നേടുന്ന ആദ്യ ലോകകിരീടമാണിത്. ദക്ഷിണ കൊറിയ,​ അമേരിക്ക,​ ഫ്രാൻസ് എന്നിവരെ നോക്കൗട്ട് റൗണ്ടിൽ തോൽപ്പിച്ചാണ് മൊറോക്കോ ഫൈനലിലെത്തിയത്.

പരമ്പരയിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് അർജന്റീന അണ്ടർ20 ലോകകപ്പ് ഫൈനൽവരെയെത്തിയത്. നിലവിൽ സീനി‌യർ ഫുട്‌ബോൾ ലോകചാമ്പ്യന്മാരാണ് അർജന്റീന. 2026ൽ നോർത്ത് അമേരിക്കയിൽ നടക്കുന്ന ലോകകപ്പിലേക്ക് ആഫ്രിക്കയിൽ നിന്നും ആദ്യം യോഗ്യത നേടിയ ടീമായി മൊറോക്കോ മാറി.