ബാറ്റർമാരുടെ എണ്ണം കൂട്ടി, എന്നിട്ടും നേടാനായത് 136 റൺസ്, കുൽദീപിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് അശ്വിൻ

Monday 20 October 2025 11:35 AM IST

ചെന്നൈ: ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയ‌ുടെ ഏകദിന പരമ്പരയിലെ ആദ്യമത്സരം കഴിഞ്ഞ ദിവസമായിരുന്നു. മഴ രസംകൊല്ലിയായ മത്സരത്തിൽ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം വേണ്ട 131 റൺസ് വെറും മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ ഓസീസ് നേടി. ബാറ്റിംഗ് നിര ശക്തിപ്പെടുത്താൻ മൂന്ന് ഓൾറൗണ്ടർമാർ അടങ്ങുന്ന ടീമിനെയാണ് കഴിഞ്ഞദിവസം ഇന്ത്യ അണിനിരത്തിയത്. എന്നിട്ടും ഇന്ത്യയ്‌ക്ക് നേടാനായത് 26 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 136 റൺസാണ്.

ടീം മാനേജ്‌മെന്റിന്റെ ബൗളർമാരെ കുറയ്‌ക്കുന്ന നടപടി വലിയ വിമർശനവിധേയമായിരുന്നു. സിറാജ്, ആർഷ്‌ദീപ് സിംഗ്, ഹർഷിത് റാണ എന്നിവർ മാത്രമാണ് ബൗളർമാരായി ടീമിലുണ്ടായിരുന്നത്. ഇവർക്കുപുറമേ ഓൾറൗണ്ടർമാരായി ടീമിലിടം കണ്ട നിതീഷ്‌കുമാർ റെഡ്‌ഡി, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവരും ബൗളിംഗ് നിരയിലുണ്ടായി. എന്നാൽ ഇവർ വേണ്ടത്ര ഫലം ഇന്ത്യൻ ബൗളിംഗിന് ചെയ്‌തില്ല. ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിക്കുകയാണ് മുൻ ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ.

ടീമിൽ ഓൾറൗണ്ടർമാരെ അധികം എടുത്തതിനെക്കുറിച്ചും സ്‌പിന്നാറായി കുൽദീപ് യാദവിനെ എടുക്കാത്തിനെയും അശ്വിൻ ചോദ്യംചെയ്‌തു. ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളിൽ കുൽദീപ് മികച്ച ഓപ്‌ഷൻ ആയേനെയെന്ന് അശ്വിൻ പറഞ്ഞു.

'നിതീഷ് കുമാർ റെഡ്‌ഡിയടക്കം രണ്ട് സ്‌പിന്നർമാരെ ടീം ഇന്ത്യ മാനേജ്‌മെന്റ എന്തിന് കളിപ്പിക്കുന്നുവെന്ന് എനിക്ക് മനസിലാകും. വാഷിംഗ്‌ടണിനും അക്‌സറിനും ബാറ്റ് ചെയ്യാനറിയുന്നതുകൊണ്ട് അവർക്ക് ബാറ്റിംഗ് ഡെപ്‌ത് വേണം. പക്ഷെ ബൗളിംഗിലും കുറച്ച് ശ്രദ്ധ ചെലുത്തണം. ഇത്രവലിയ ഗ്രൗണ്ടിൽ ധാരാളം സ്വാതന്ത്ര്യത്തോടെ കുൽദീപിന് പന്തെറിയാൻ കഴിയില്ലെങ്കിൽ അവൻ പിന്നെ എവിടെയാണ് എറിയുക. നന്നായി ബൗൺസ് നേടാൻ അയാളെ സഹായിക്കുന്ന ഓവറുകളും ലഭിക്കും.'- അശ്വിൻ പറയുന്നു.

'ടീം മാനേജ്‌മെന്റ് ബാറ്റിംഗിനെക്കുറിച്ച് മാത്രമേ കരുതുന്നുള്ളൂ എന്നും മികച്ച ബൗളമാരെയും കളിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഴത്തിലുള്ള ബാറ്റിംഗ്‌നിരയെക്കുറിച്ച് അവർ പറയുന്നു. മത്സരത്തിൽ ബാറ്റിംഗ് ഡെപ്‌ത് ഉണ്ടാകണമെങ്കിൽ ബാറ്റ്സ്‌മാൻമാർ ഉത്തരവാദിത്വം ഏറ്റെടുക്കണം. ബാറ്റിംഗ് വിപുലീകരിക്കാൻ വേണ്ടിമാത്രം ഒരു ടീമിനെ തിരഞ്ഞെടുക്കരുത്. നിങ്ങളുടെ മികച്ച ബൗളർമാരെ കളിപ്പിക്കണമെന്ന് ഞാൻ പറയും.' ആർ അശ്വിൻ നിലപാട് വ്യക്കമാക്കി.

ഏഷ്യാകപ്പിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടി മികച്ച ഫോമിലായിരുന്നു കുൽദീപ് യാദവ്. 9.29 ശരാശരിയിൽ 17 വിക്കറ്റുകളാണ് താരം നേടിയത്. വെസ്റ്റ് ഇൻഡീസുമായുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും താരം 12 വിക്കറ്റുകൾ നേടി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതായി. സ്‌പിന്നർമാരെ പരമ്പരാഗതമായി തുണയ്‌ക്കുന്ന അഡെലെയ്‌ഡിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനം നടക്കുക. ഇവിടെ കുൽദീപ് ഉണ്ടാകുമോ എന്നതാണ് ഇനി കാണേണ്ടത്.