'സുധാകരൻ സാറിനെ തകർത്തിട്ട് ഞങ്ങൾക്ക് ഒന്നും നേടാനില്ല. എന്നെ വിമർശിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്'; സജി ചെറിയാൻ

Monday 20 October 2025 11:47 AM IST

തിരുവനന്തപുരം: സിപിഎമ്മിലെ മുതിർന്ന നേതാവ് ജി സുധാകരനുമായി പ്രശ്നങ്ങൾ ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ. സുധാകരൻ സാറിന് ഒരു തെറ്റിദ്ധാരണയും ഇല്ലെന്നും മാദ്ധ്യമങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും സജി ചെറിയാൻ വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ജി സുധാകരൻ സാർ ആലപ്പുഴ പാർട്ടിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ നേതാവാണ്. കേരളത്തിലെ പാർട്ടിക്ക് അദ്ദേഹം ഒരുപാട് സംഭാവന നൽകിയിട്ടുണ്ട്. അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ നടപടിയെടുക്കും. അദ്ദേഹം പാർട്ടിയിൽ നിന്ന് അകന്നുപോയിട്ടില്ല. അദ്ദേഹം പാർട്ടിക്ക് എതിരാണെന്ന് നിങ്ങൾ വരുത്തി തീർക്കരുത്. ഏതെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ പോയി കണ്ട് സംസാരിക്കും. അദ്ദേഹത്തിന് പറ്റുന്ന ചുമതലകൾ ഏൽപ്പിക്കുക തന്നെചെയ്യും. ജി സുധാകരൻ സാറിനെ തകർത്തിട്ട് ഞങ്ങൾക്ക് ഒന്നും നേടാനില്ല. എന്നെ വിമർശിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. വിമർശനം കേട്ട് ജീവിതത്തിൽ വളർന്നുവന്നവരാണ് ഞങ്ങൾ'- സജി ചെറിയാൻ പറഞ്ഞു.

നേരത്തെ മന്ത്രിക്കെതിരെ ജി. സുധാകരൻ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചെന്നും പുറത്താക്കി എന്നു പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നുമായിരുന്നു സുധാകരൻ വെട്ടിത്തുറന്നു പറഞ്ഞത്. സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണം. പാർട്ടിയാണ് തന്നെക്കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്റെ കൂട്ടർ തന്നെ ബി.ജെ.പിയിൽ വിടാൻ ശ്രമിച്ചു. തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പുന്നപ്ര - വയലാറിന്റെ മണ്ണിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നും സുധാകരൻ പറ‌ഞ്ഞിരുന്നു.