അർജുനെ അദ്ധ്യാപിക ക്രൂരമായി മർദിച്ചിരുന്നു; ഒരു വർഷം മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണവുമായി കുടുംബം

Monday 20 October 2025 12:49 PM IST

പാലക്കാട്: പല്ലൻചാത്തൂരിൽ അർജുൻ (14) ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ കൂടുതൽ ആരോപണവുമായി കുടുംബം. ഒരു വർഷം മുമ്പ് അർജുനെ ക്ലാസ് ടീച്ചർ മർദിച്ചുവെന്നാണ് കുടംബം പറയുന്നത്. അന്ന് മർദനത്തിൽ മുറിവേറ്റതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അർജുന്റെ സഹപാഠികളെ സ്വാധീനിക്കാനും അദ്ധ്യാപിക ശ്രമിച്ചുവെന്ന് അർജുന്റെ കുടുംബം പറഞ്ഞു. അന്വേഷണം വേഗത്തിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അർജുന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ ക്ലാസ് ടീച്ചർ ആശ, പ്രധാനാദ്ധ്യാപിക ലിസി എന്നിവരെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ആത്മഹത്യയ്‌ക്ക് കാരണം ടീച്ചർ ആശ ആണെന്ന ആരോപണവുമായി കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ, രക്ഷിതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനാദ്ധ്യാപിക ലിസി മുമ്പ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. അദ്ധ്യാപകർക്കെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്നും മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചിരുന്നു. അദ്ധ്യാപികയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടാൽ കർശന നടപടിയെടുക്കുമെന്നും സ്‌കൂൾ മാനേജ്‌മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ക്ലാസിൽ വച്ച് ഇൻസ്റ്റഗ്രാം ഉപയോഗിച്ചതിന്റെ പേരിലാണ് ക്ലാസ് ടീച്ചറായ ആശ അർജുനെ ശകാരിച്ചത്. സൈബർ സെല്ലിൽ വിളിക്കുകയും കുട്ടിയെ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതിന് പിന്നാലെ വീട്ടിലെത്തിയ അർജുൻ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂൾ യൂണിഫോം പോലും മാറ്റാതെയാണ് കുട്ടി ആത്മഹത്യ ചെയ്‌തത്. ടീച്ചർ ശകാരിച്ചതിന് പിന്നാലെ അർജുൻ വലിയ വിഷമത്തിലായിരുന്നുവെന്ന് ചില സഹപാഠികൾ പറഞ്ഞിരുന്നു. തുടർന്നാണ് കുടുംബം അദ്ധ്യാപികയ്‌ക്കെതിരെ പരാതി നൽകിയത്.