'പൊറോട്ടയും ബീഫും നൽകി ശബരിമലയിലെത്തിച്ചു, പറഞ്ഞതിൽ അടിയുറച്ച് നിൽക്കുന്നു'; പ്രതികരിച്ച് എൻകെ പ്രേമചന്ദ്രൻ

Monday 20 October 2025 2:59 PM IST

കൊല്ലം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളെ ഗൗനിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിലെത്തിച്ചത് പൊലീസാണെന്നും ഈ സർക്കാരാണ് അയ്യപ്പസം​ഗമം നടത്തിയതെന്നുമായിരുന്നു പ്രേമചന്ദ്രൻ പ്രസംഗത്തിനിടയിൽ സംസാരിച്ചത്.

'ഞാൻ പറഞ്ഞ കാര്യം നേരത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും പറഞ്ഞിട്ടുണ്ടായിരുന്നു. അവർക്കൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത സൈബർ ആക്രമണമാണ് ഞാൻ നേരിടുന്നത്. എന്റെ പ്രസ്താവനയിൽ ഞാൻ അടിയുറച്ച് നിൽക്കുന്നു. കോട്ടയത്ത് പൊലീസ് ക്ലബ്ബിൽ രഹ്ന ഫാത്തിമയ്ക്കും ബിന്ദു അമ്മിണിയ്ക്കും പൊറോട്ടയും ബീഫും വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ഷിബു ബേബി ജോണാണ്. പിന്നീട് വിഡി സതീശനും പറഞ്ഞു. ഇവർ രണ്ടുപേരും പറഞ്ഞപ്പോഴുമുണ്ടാകാത്ത കനത്ത ആക്രമണമാണ് സിപിഎം സൈബർ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്'- എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു വിവാദ പ്രസംഗമുണ്ടായത്. പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച സർക്കാർ വിശ്വാസത്തെ വികലമാക്കിയെന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സർക്കാരുമാണ് പമ്പയിൽ ആഗോള അയ്യപ്പസം​ഗമത്തിന് നേതൃത്വം കൊടുത്തതെന്നുമായിരുന്നു എൻ കെ പ്രേമചന്ദ്രന്റെ വിമർശനം.