ദീപാവലിക്ക് കമ്പനി ഉടമ നൽകിയത് ലക്ഷങ്ങൾ വിലയുള്ള സമ്മാനം, ഞെട്ടൽ മാറാതെ ജീവനക്കാർ

Monday 20 October 2025 5:22 PM IST

ചണ്ഡീഗർ: കമ്പനി ഉടമ ജീവനക്കാർക്ക് നൽകിയത് ബംബറടിച്ചതിന് തുല്യമായ സമ്മാനം. എംഐടിഎസ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എംകെ ഭാട്ടിയയാണ് തന്റെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി 51 ആഡംബര സ്‌കോർപിയോ എസ്‌യുവികൾ നൽകിയത്. അദ്ദേഹം ജീവനക്കാർക്ക് താക്കോൽ കൈമാറുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ദീപാവലി ആഘോഷത്തിനിടെയാണ് മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് വിലയേറിയ എസ്‌യുവികൾ സമ്മാനമായി നൽകിയത്. മുമ്പും തന്റെ ജീവനക്കാർക്ക് ഇത്തരത്തിൽ മികച്ച വാഹനങ്ങൾ ഭാട്ടിയ സമ്മാനമായി നൽകിയിട്ടുണ്ട്.

2002ൽ തന്റെ മെഡിക്കൽ സ്റ്റോറിന് കനത്ത നഷ്ടം സംഭവിച്ചതിനെത്തുടർന്ന് ഭാട്ടിയ കടുത്ത പ്രതിസന്ധികളാണ് നേരിട്ടിരുന്നത്. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് വമ്പൻ തിരിച്ചുവരവിലൂടെ 2015ൽ അദ്ദേഹം എംഐടിഎസ് ഗ്രൂപ്പിന് രൂപം നൽകുകയും പിന്നീട് 12 കമ്പനികളുടെ ഉടമയായി വളരുകയുമായിരുന്നു.

നിലവിൽ ഹരിയാനയിലെ പഞ്ച്കുളയിലാണ് എംഐടിഎസ് ഗ്രൂപ്പിന്റെ ആസ്ഥാനമെങ്കിലും ഭാട്ടിയ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ വിപണികളിലേക്കും തന്റെ ബിസിനസ് വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. 2023ൽ തന്നെ കാനഡ, ലണ്ടൻ, ദുബായ് എന്നിവിടങ്ങളിൽ ലൈസൻസ് ലഭിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. കാറുകൾ സമ്മാനമായി നൽകിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

'ഞങ്ങൾക്കിങ്ങനത്തെ മുതലാളിമാരെ കിട്ടാത്തത് എന്തുകൊണ്ട്?', ഒരാൾ കമന്റ് ചെയ്തു. 'എനിക്കൊരു മൈക്രോബയോളജി ബിരുദമുണ്ട്. ഈ കമ്പനിയിൽ കയറാൻ കഴിയുമോ? കാറ് വേണ്ട, ഒരു ടെലിസ്കോപ്പ് തന്നാലും മതി!" തമാശ രൂപേണ മറ്റൊരാൾ ചോദിച്ചു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ലാഭമുണ്ടാക്കിയാൽ ജീവനക്കാർക്ക് കാറോ ബംഗ്ലാവുകളോ നൽകുന്നതിൽ തെറ്റില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.