ചക്കരക്കുട്ടികളുടെ സുമനസിൽ ചക്കിയമ്മയ്ക്ക് വീടായി
കോഴിക്കോട്: ചക്കിയമ്മയ്ക്ക് വയസ് 90. മാവൂരിലെ അസ്ഥികൂടം പോലുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസം. കുട്ടികളില്ല. കൂട്ടിനുള്ളത് അഞ്ച് പൂച്ചകൾ. വാർദ്ധക്യ സഹജമായ അവശതകളെ തുടർന്ന് വർഷങ്ങളായി ജോലിക്കും പോകാനാകുന്നില്ല. പട്ടിണിയും പരിവട്ടവുമായി ജീവിതം. എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിലെ കുട്ടികൾ ചക്കിയമ്മയുടെ വീട്ടിലെത്തി. അവരുടെ ദുരിത ജീവിതം കുട്ടികളുടെ മനസുലച്ചു.
സുരക്ഷിതമായി കഴിയാൻ ഒരു വീട്. അതായിരുന്നു ചക്കിയമ്മയുടെ എക്കാലത്തെയും ആഗ്രഹം. അത് സാധിച്ചുകൊടുക്കാൻ കുട്ടികൾ തയ്യാറായി. അങ്ങനെ കൂപ്പണുകൾ വിറ്റും ഫുഡ് ചലഞ്ച് നടത്തിയുമൊക്കെ ഏഴു ലക്ഷം രൂപ സ്വരൂപിച്ചു. അതുപയോഗിച്ച് നാലുമാസം കൊണ്ട് 700 ചതുരശ്രയടിയിൽ നിലവിലെ വീട് പുനർനിർമ്മിച്ചു. വീടിന്റെ താക്കോൽ ഇന്നുരാവിലെ 10ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു ചക്കിയമ്മയ്ക്ക് കൈമാറും.
കൂലിപ്പണിയും ബീഡി തെറുപ്പുമൊക്കെയായി വരുമാനം കണ്ടെത്തിയിരുന്ന ഭർത്താവ് സാമി ആറുവർഷം മുമ്പ് മരിച്ചതിനെ തുടർന്നാണ് ചക്കിയമ്മ തനിച്ചായത്. മലയോരമേഖലയായ മാവൂർ മേച്ചേരിക്കുന്ന് കരിക്കത്തൊടിയിൽ പതിനഞ്ച് സെന്റോളം സ്ഥലമുണ്ടെങ്കിലും പാതിവഴിയിൽ നിലച്ച വീടുപണി പൂർത്തിയാക്കാനായില്ല.
വളരെ മുമ്പ് മാവൂർ ഗ്വാളിയോർ റയോൺസിൽ ചക്കിയമ്മ ജോലിക്ക് പോയിരുന്നു. കമ്പനി പൂട്ടിയതോടെ ആ വരുമാനവും നിലച്ചു. സഹോദരിയും മക്കളും സുമനസുകളുമൊക്കെ ഇടയ്ക്ക് സഹായിക്കും. ഒന്നിലും പരാതിയില്ല. ഒന്നും കഴിച്ചിട്ടില്ലെങ്കിലും ചക്കിയമ്മ കഴിച്ചെന്നേ പറയൂ. പലരും ഭക്ഷണം കൊണ്ടുതന്നുവെന്ന് പറയാനാണ് അവർക്കിഷ്ടം.
ഒരേ മനസോടെ
2000 കുട്ടികൾ
പ്രോവിഡൻസ് കോളേജിലെ രണ്ടായിരത്തോളം കുട്ടികൾ തങ്ങളുടെ ഒരു നേരത്തെ ഭക്ഷണം വേണ്ടെന്നു വച്ച് ആ തുക സ്വരൂപിച്ചു. നറുക്കെടുപ്പ് നടത്താൻ നാടുനീളെ നടന്ന് കൂപ്പണുകൾ വിറ്റു. പൂരി ചലഞ്ച്, നാടൻ രുചിക്കൂട്ട്, തട്ടുകട എന്നിവ നടത്തിയുമൊക്കെ ചക്കിയമ്മയ്ക്ക് വീട് നിർമ്മിക്കാൻ തുക കണ്ടെത്തുകയായിരുന്നു.