പിറന്നാൾ ദിനത്തിൽ വി.എസിന് ഓർമ്മപ്പൂക്കൾ

Tuesday 21 October 2025 1:57 AM IST

അമ്പലപ്പുഴ : വി.എസ്.അച്യുതാനന്ദൻ മൺമറഞ്ഞശേഷമുള്ള ആദ്യ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ഓർമ്മപ്പൂക്കൾ അർപ്പിക്കാൻ ഒറ്റയ്‌ക്കും ക‍‍ൂട്ടമായും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെത്തി. ഏറെക്കാലം വി.എസ്‌ പ്രതിനിധീകരിച്ച മലമ്പുഴയിൽനിന്നും കോട്ടയത്തുനിന്നും തിരുവനന്തപുരത്തുനിന്നുമെല്ലാം സ്‌ത്രീകളും കുട്ടികളുമടക്കം സമരസൂര്യന്റെ സ്മൃതിയിടത്തിലെത്തി പുഷ്‌പങ്ങളർപ്പിച്ചു.

രാവിലെ 10 മണിക്ക് വലിയ ചുടുകാട്ടിലെ വി.എസിന്റെ സ്‌മൃതിയിടത്തിൽ ഭാര്യ കെ.വസുമതി, മകൻ ഡോ.വി.എ.അരുൺകുമാർ, മരുമകൾ ഡോ. രജനി, മകൻ അരവിന്ദ്‌, ഡോ. രജനിയുടെ അച്ഛൻ ഡോ.കെ.ബാലകൃഷ്ണൻ എന്നിവർ പൂക്കളർപ്പിച്ച് വണങ്ങി. വി.എസിനൊപ്പം പ്രവർത്തിച്ച മുൻ അഡിഷണൽ പ്രൈവറ്റ്‌ സെക്രട്ടറി വി.കെ.ശശിധരൻ, ജോയി കൈതാരം, പ്രസ്‌ സെക്രട്ടറി ആയിരുന്ന പി.ജയനാഥ്‌, ഗൺമാൻ സുരേഷ്‌ തേവള്ളി, പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി.ചന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ, എച്ച്‌.സലാം എം.എൽ.എ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ബി.കെ.ഹരിനാരായണൻ രചിച്ച് ബിജിബാൽ സംഗീതം നൽകിയ ഗാനാഞ്ജലി പുന്നപ്ര പറവൂരിലെ വേലിക്കകത്ത്‌ വീട്ടിൽ നടന്ന ചടങ്ങിൽ വി.എസിന്റെ ഭാര്യ കെ.വസുമതി പ്രകാശനം ചെയ്തു.

മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരൻ ഉച്ചയോടെ വേലിക്കകത്ത് വീട്ടിലെത്തി വി.എസിന്റെ കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കിട്ടു. വീയെസ് നവമാദ്ധ്യമ കൂട്ടായ്മയും ഒത്തുകൂടി. ജന്മദിന സെമിനാറിന് ജോസഫ് സി.മാത്യു, ജോയ് കൈതാരം, വി.കെ.ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി. പായസവിതരണവും നടന്നു.