പുലിപ്പേടിയിൽ ഇഞ്ചപ്പാറ
കോന്നി :ഇഞ്ചപ്പാറയിൽ ഒന്നിലധികം പുലികളുണ്ടെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം മേയാൻ വിട്ട മൂരിക്കിടാവിനെ പുലി കൊന്നതോടെ കടുത്ത ഭീതിയിലാണ് നാട്.പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് ഇവിടം. കൂടൽ ,ഇഞ്ചപ്പാറ ,പാക്കണ്ടം പ്രദേശങ്ങളിൽ നേരത്തെ വനം വകുപ്പ് സ്ഥാപിച്ച കൂടുകളിൽ നാല് പുലികളാണ് കുടുങ്ങിയത് . വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ ഏറ്റവും കൂടുതൽ പുലികൾ ഇറങ്ങുന്ന പ്രദേശമായി മാറുകയാണ് ഇഞ്ചപ്പാറ, പാക്കണ്ടം മേഖലകൾ. മുമ്പ് ജനവാസ മേഖലകളിൽ ഇറങ്ങിയ പുലിയെ കണ്ടെത്തുന്നതിനായി ഡ്രോൺ നിരീക്ഷണം അടക്കം നടത്തിയിരുന്നു. ഇഞ്ചപ്പാറയിൽ മുരിക്കിടാവിനെ പുലി കൊന്ന സ്ഥലത്തിന് സമീപം പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. ഇഞ്ചപ്പാറ വടക്കേമുരുപ്പേൽ രാജി എബ്രഹാമിന്റെ രണ്ട് വയസുള്ള മൂരിക്കിടാവിനെയാണ് പുലി കൊന്നത്. കിടാവിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. തല പുലി തിന്നിരുന്നു. പ്രദേശത്തെ കർഷകരുടെ നിരവധി വളർത്തുമൃഗങ്ങളെയും പുലി കൊണ്ടുപോയിട്ടുണ്ട്. ഇഞ്ചപ്പാറയിൽ പുലി മൂരിക്കിടാവിനെ കൊന്നതിന്റെ മീറ്ററുകൾക്ക് അപ്പുറത്ത് കഴിഞ്ഞവർഷം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിരുന്ന മൂരിക്കിടാവിനെ പുലി കൊന്നിരുന്നു. പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സ്, പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ എന്നിവർ ചേർന്ന് പുലിയെ പിടിക്കാൻ കുട് സ്ഥാപിച്ചിട്ടുണ്ട്.
പുലിയെ പിടികൂടുന്നതിനായി പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.
അനിൽകുമാർ ( ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പാടം ഫോറസ്റ്റ് സ്റ്റേഷൻ )