ഡി.ടി.പി.സി കെെയൊഴിഞ്ഞു, ആർക്കും വേണ്ടാതെ ബീച്ച് അക്വേറിയം
കോഴിക്കോട്: ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിസ്മയ കാഴ്ചയൊരുക്കിയ ബീച്ച് അക്വേറിയം ഡി.ടി.പി.സി കൈവിട്ടതോടെ തുരുമ്പെടുത്ത് നശിക്കുന്നു. 2024 ജനുവരിയിലാണ് അക്വേറിയം ഡി.ടി.പി.സി ഏറ്റെടുത്ത് നവീകരിച്ചത്. എന്നാൽ 30 വർഷത്തെ ടെൻഡർ കാലാവധി കഴിഞ്ഞതോടെ കഴിഞ്ഞ മേയിൽ അടച്ചു പൂട്ടി. അഞ്ചുമാസമാ യിട്ടും ആരും തിരിഞ്ഞുനോക്കാത്തതിനാൽ അക്വേറിയവും പരിസരവും സാമൂഹ്യവിരുദ്ധർ കൈയടക്കി കഴിഞ്ഞു. അക്വേറിയം വളപ്പിലേക്കുള്ള ഗേറ്റ് പൂട്ടിയിട്ടുണ്ടെങ്കിലും ഒരു പ്രയോജനവുമില്ല. കാടുമൂടിയ പ്രദേശത്തെ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം പരിസരവാസികൾക്ക് ഭീഷണിയായിട്ടുണ്ട്. നക്ഷത്ര മത്സ്യത്തിന്റെ ആകൃതിയിലുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടർന്നു വീണു. ചുറ്റുമതിലിലെ കമ്പികൾ സാമൂഹ്യവിരുദ്ധർ മുറിച്ച് മാറ്റി. ടെൻഡർ കാലാവധി കഴിഞ്ഞതോടെ അക്വേറിയം കോർപ്പറേഷന് തിരികെ നൽകാനാണ് ഡി.ടി.പി.സിയുടെ തീരുമാനം. എന്നാൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ കോർപ്പറേഷൻ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇതോടെ സഞ്ചാരികളുടെ പ്രധാന ആകർഷണമായ അക്വേറിയം
വിസ്‌മൃതിയിലായേക്കും.
സഞ്ചാരികളുടെ പ്രധാന ആകർഷണം
വിനോദസഞ്ചാര വകുപ്പിനു കീഴിൽ 1995ലാണ് കോർപ്പറേഷന്റെ സ്ഥലത്ത് അക്വേറിയം സ്ഥാപിച്ചത്. പിന്നീട് ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ഡി.ടി.പി.സി ലീസിനെടുത്ത് നവീകരിച്ചു. തുടക്കത്തിൽ നല്ലനിലയിൽ പ്രവർത്തിച്ചെങ്കിലും പല കാരണങ്ങളാൽ നഷ്ടത്തിലായതോടെ 2018ൽ അടച്ചുപൂട്ടി. നടത്തിപ്പ് കരാർ കാലാവധിയും കഴിഞ്ഞതോടെ അക്വോറിയം നശിച്ചു തുടങ്ങി.
2019 മേയിൽ ടെൻഡർ വിളിച്ച് അക്വറിയം തുറക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും കരാറെടുക്കാൻ ആരും മുന്നോട്ട് വന്നില്ല. 2022 ആഗസ്റ്റ് മുതൽ മലബാർ ടൂറിസം ആൻഡ് ട്രാവലിംഗ് സൊസൈറ്റി അക്വേറിയം വാടകയ്ക്ക് എടുത്ത് നടത്തിയിരുന്നു. വാടക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഡി.ടി.പി.സി ടെൻഡർ റദ്ദു ചെയ്തു. ഇതോടെ അക്വേറിയം വീണ്ടും അടഞ്ഞു. 2024 ൽ വീണ്ടും ടെൻഡർ നടപടി പൂർത്തിയാക്കി അക്വേറിയം തുറന്നു.
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ അരാപൈമ, മുതലയുടെ സാദൃശ്യമുള്ള അക്രമകാരിയായ അലിഗേറ്റർ, മത്സ്യങ്ങളിൽ സുന്ദരിയായ അരോണ, വൈറ്റ് ഷാർക്ക്, മനുഷ്യനെ വരെ ഭക്ഷിക്കുന്ന പിരാന, ചെറുമീനുകളായ വിഡൊ ഫിഷ്, ഏൻജൽ ഫിഷ്, ബ്ലാക് മോർ തുടങ്ങി 120ലധികം അലങ്കാര മീനുകൾ തുടങ്ങിയവയെല്ലാം സന്ദർശകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു
'' ടെൻഡർ കാലാവധി കഴിഞ്ഞു അക്വേറിയം കോർപ്പറേഷന് തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്''- നിഖിൽ - ഡി.ടി.പി.സി സെക്രട്ടറി