ഈ ജില്ലകളില്‍ കനത്ത ജാഗ്രത വേണം; പേമാരിക്കൊപ്പം ശക്തമായ കാറ്റും, രാത്രി യാത്രയിലും കരുതല്‍ വേണമെന്ന് നിര്‍ദേശം

Monday 20 October 2025 9:45 PM IST

തിരുവനന്തപുരം: സംസ്ഥാന തീരത്ത് തീവ്ര ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ശക്തമായ മഴ. മഴയ്ക്ക് പുറമേ അതിശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം വരും മണിക്കൂറില്‍ എറണാകുളത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രാത്രി യാത്രയിലും ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.

ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച രാത്രി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും സ്ഥിതി മാറുകയാണ്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് പ്രവചനം. അറബിക്കടലില്‍ ഉയര്‍ന്ന തോതില്‍ കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതും അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനുള്ള സാദ്ധ്യതയുമുണ്ടെന്നാണ് പ്രവചനം.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്തമായ മഴ പെയ്യാനുള്ള സാദ്ധ്യതയെത്തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പിന്റെ ഭാഗമായുള്ള അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കും. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാദ്ധ്യതയുണ്ട്.

ന്യൂനമര്‍ദ്ദ പാത്തി

അറബിക്കടല്‍ ന്യൂനമര്‍ദ്ദത്തില്‍ നിന്ന് കേരള തീരത്തിനു സമീപം തെക്ക് കിഴക്കന്‍ അറബിക്കടലിനു മുകളിലൂടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്കോ / ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യത. ഒക്ടോബര്‍ 20 മുതല്‍ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഒക്ടോബര്‍ 20, 22, 23, 24 തീയതികളില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാദ്ധ്യത. അടുത്ത 5 ദിവസം ഇടിമിന്നലിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.