'ജീവകാരുണ്യ സ്റ്റാളി'ൽ കത്രിക വീശൽ, 15കാരന് പരിക്ക്, പൊലീസ് കേസ്

Tuesday 21 October 2025 1:29 AM IST

കൊച്ചി: ജീവകാരുണ്യ പ്രവർത്തനത്തിനിടെ പതിനഞ്ചുകാരനെ കളിക്കൂട്ടുകാരന്റെ പിതാവ് കത്രികകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു. താടിയി​ലെ മുറിവ് സാരമുള്ളതല്ല. മൂന്ന് തുന്നിക്കെട്ടുണ്ട്. 15കാരന്റെ പരാതിയിൽ ചേരാനെല്ലൂർ പൊലീസ് കേസെടുത്തു. ആക്രമിച്ച 45കാരൻ ഒളിവിലാണ്. ചിറ്റൂരിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെ 11നായിരുന്നു സംഭവം.

ചിറ്റൂരിലെ ഒരു പള്ളിയിൽ ഞായറാഴ്ച മിഷൻ സൺഡേയായിരുന്നു (ജീവകാരുണ്യ പ്രവർത്തനദി​നം). ഇതിന്റെ ഭാഗമായി പരിക്കേറ്റ കുട്ടിയുടെ സുഹൃത്ത് വർണമത്സ്യങ്ങൾ വിൽക്കുന്ന സ്റ്റാൾ ഇട്ടിരുന്നു. പി​താവിനൊപ്പം ചേർന്നായിരുന്നു കച്ചവടം. സ്റ്റാളിൽ എത്തിയ 15കാരൻ തമാശയ്ക്ക് കത്രികകൊണ്ട് റബ്ബർ ബാൻഡുകൾ മുറിക്കുന്നതായി കാണിച്ചു. തെറ്റി​ദ്ധരി​ച്ച 45കാരൻ, കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.

തിരിച്ചും പ്രതികരിച്ചതോടെ ചവിട്ടി താഴെയിട്ടെന്നും കത്രികയ്ക്ക് വീശി മുറിവേൽപ്പിച്ചെന്നുമാണ് 15കാരന്റെ മൊഴി. കുട്ടിക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. ഇവിടെ നിന്നാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടൻ ചേരാനല്ലൂർ പൊലീസ് ആശുപത്രിയിൽ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ദേഹോപദ്രവം ഏൽപ്പിക്കൽ, ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുണ്ട്.

പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കുട്ടിയുടെ കുടുംബം വഴങ്ങിയിട്ടില്ല. പ്രതിയുടെ മകനും പരിക്കേറ്റ കുട്ടിയും അടുത്ത സുഹൃത്തുക്കളാണ്. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പ്രതി ഒളിവിൽ പോയത്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

 മിഷൻ സൺഡേ അശരണരെ സഹായിക്കുക ലക്ഷ്യമിട്ട് പള്ളികളിൽ സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തനമാണ് മിഷൻ സൺഡേ. വേദപാഠം പഠിക്കുന്ന കുട്ടികളും ഇടവക അംഗങ്ങളും ഈ ദിവസം വിവിധ സ്റ്റാളുകൾ ഇടും. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പള്ളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകും.