മലപ്പുറത്തെ സാമൂഹിക സത്യം ഇനിയും പറയും: വെള്ളാപ്പള്ളി
കൊല്ലം: എത്ര ആക്രമിച്ചാലും മലപ്പുറത്തെ സാമൂഹിക സത്യം ഇനിയും തുറന്നുപറയുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുണ്ടറ, ചാത്തന്നൂർ, കുന്നത്തൂർ യൂണിയനുകളുടെ നേതൃത്വത്തിൽ കുണ്ടറയിൽ സംഘടിപ്പിച്ച ശാഖാ നേതൃസംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
'ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കൊല്ലത്ത് ആരംഭിച്ചപ്പോൾ ഗുരുവിന്റെ ചിത്രംപോലും കാണാത്ത ഇസ്ലാംമത വിശ്വാസിയെ ദുബായിൽ നിന്നു കൊണ്ടുവന്ന് വൈസ് ചാൻസലറാക്കി. അത് ശരിയായില്ലെന്ന് ഞാൻ പറഞ്ഞു. ഇടതുപക്ഷത്തെയാണ് ഞാൻ വിമർശിച്ചത്. എന്നാൽ, ഇടതുമുന്നണിയിലെ ഒരു പാർട്ടിയും മിണ്ടിയില്ല. എനിക്കെതിരെ രംഗത്തുവന്നത് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്. അവരുടെ പോഷകസംഘടനകളും കൂട്ടത്തോടെ ആക്രമിച്ചു. കാന്തപുരവും എന്നെ വെറുതെവിട്ടില്ല. കുഞ്ഞാലിക്കുട്ടിക്കും പോഷകസംഘടനകൾക്കും സമുദായബോധം കാട്ടാം. ഞാൻ സമുദായത്തിന്റെ കാര്യം പറയുമ്പോൾ ജാതിയുടെ വിഷം തുപ്പുന്നുവെന്ന് പറയുന്നത് എന്ത് നീതിയാണ്?
ഇടതും വലതും കൂടി രാജ്യസഭാംഗങ്ങളെ നോമിനേറ്റ് ചെയ്തപ്പോൾ ഏഴ് പേർ ന്യൂനപക്ഷവും രണ്ടു പേർ നായർ സമുദായക്കാരുമായിരുന്നു. പിന്നാക്കക്കാരെ പരിഗണിച്ചതേയില്ല. അത് ചൂണ്ടിക്കാട്ടിയപ്പോൾ മുസ്ലീംലീഗ് എനിക്കെതിരെ രംഗത്തെത്തി. അവർ വോട്ട് ബാങ്കാണ്. അവർക്കെതിരെ മറ്റാരും ഒന്നും പറയാറില്ല. ശബരിമലയിലെ സ്വർണ മോഷണത്തിൽ മന്ത്രിയെ കുറ്റം പറയുന്നതിൽ കാര്യമില്ല. ഭരണസംവിധാനം മാറാതെ ഒരു മാറ്റവും ഉണ്ടാകില്ല. ഈഴവൻ ദേവസ്വം മന്ത്രിയായതുകൊണ്ടാണ് അദ്ദേഹത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാവിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാസന്ദേശവും നൽകി. യോഗം കൗൺസിലർ പി. സുന്ദരൻ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, ചാത്തന്നൂർ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, കുന്നത്തൂർ യൂണിയൻ സെക്രട്ടറി ഇൻ ചാർജ് റാം മനോജ് തുടങ്ങിയവർ പങ്കെടുത്തു. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ സ്വാഗതവും കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ നന്ദിയും പറഞ്ഞു.
മന്ത്രി ഗണേശൻ പണം മോഹിക്കുന്ന രാഷ്ട്രീയ കോമരം
കുതികാൽവെട്ടി പണം മാത്രം മോഹിച്ച് നടക്കുന്ന രാഷ്ട്രീയ കോമരമാണ് മന്ത്രി കെ.ബി.ഗണേശ് കുമാറെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊട്ടാരക്കരയിൽ യോഗം കൊട്ടാരക്കര, കടയ്ക്കൽ യൂണിയനുകളിലെ ശാഖാ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേശനെന്ന് വിളിച്ചാൽ പുണ്യം കിട്ടുമെന്നാണ് വിശ്വാസം. അഭിനവ ഗണേശനെ വിളിച്ചാൽ ദൈവം ശിക്ഷിക്കുമെന്നുറപ്പാണ്. പാവംപിടിച്ച ഉമ്മൻചാണ്ടിക്കെതിരെ സരിതയെ ഇറക്കി കളിച്ചതിന്റെ കൂലിയല്ലേ കിട്ടിയ സൗഭാഗ്യങ്ങൾ. അതിന്റെ ദൈവശിക്ഷ എവിടെ ചെന്നവസാനിക്കും? എത്ര ഭാര്യമാരാണ് അയാൾക്ക്. നമ്മുടെ സംസ്കാരമാണോ അത്. കണ്ടവന്റെ സ്വത്തുകളിലാണ് അയാളുടെ കണ്ണ്. സിനിമാ നടിയുടെ സ്വത്തുക്കൾ മുഴുവൻ മുക്കി. സമ്പത്തിനുവേണ്ടി പെങ്ങളെയായാലും അളിയനെയായാലും തള്ളിപ്പറയുന്നു. അയാൾ ഉറഞ്ഞുതുള്ളുമ്പോൾ നമ്മൾ മിണ്ടാപ്രാണികളായി ഇരിക്കണോ? നമ്മുടെ വായ് മൂടിക്കെട്ടാൻ ശ്രമിച്ചാൽ നടക്കില്ല. അച്ഛനും മകനും മാത്രമുണ്ടായിരുന്ന ഒറ്റപ്പാർട്ടിയുടെ നേതാവാണ്. ആർ.ശങ്കറെ വേട്ടയാടിയത് ഗണേശന്റെ അച്ഛനെപ്പോലെയുള്ള ജാതിക്കോമരങ്ങളാണ്. ഈഴവ വിഭാഗം വെറും തറകളാണെന്നാണ് ചില തമ്പ്രാൻമാരുടെ വിചാരം. ചെണ്ടകൊട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കേണ്ട. അധികാരവും അവകാശങ്ങളും ഈഴവനും അർഹതപ്പെട്ടതാണ്, അത് ചോദിച്ചുവാങ്ങുക തന്നെ ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ സന്ദേശവും ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും അവതരിപ്പിച്ചു.