കോഴിക്കോട് പഴയ കടൽപ്പാലം തകർന്നുവീണു: 13 പേർക്ക് പരിക്ക്, കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായി സംശയം

Tuesday 01 October 2019 9:53 PM IST

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലുള്ള പഴയ കടൽപ്പാലം തകർന്നുവീണു. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ പാലം തകർന്നു വീണിടത്ത് കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായി . ഫയർഫോഴ്സും നാട്ടുകാരും ചേർന്നുളള രക്ഷാപ്രവർത്തനം തുടരുകയാണ്. ചൊവാഴ്ച രാത്രി എട്ടരയോടെയാണ് പാലം തകർന്നത്. സൗത്ത് ബീച്ചിലെ പുതുക്കി പണിത പഴയ കടൽപ്പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. പാലം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി തവണ പൊലീസ് ആൾക്കാർ ഇവിടെ ഇരിക്കുന്നതിനെ വിലക്കിയിട്ടുണ്ട്. എങ്കിലും പൊലീസിന്റെ വിലക്ക് അവഗണിച്ച് ജനങ്ങൾ ഇവിടെ ഇരിക്കാറുണ്ടായിരുന്നു. തകർന്ന ഭാഗത്തായി കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടോ എന്ന ആശങ്കയിലാണ് ഇവിടുത്തെ നാട്ടുകാർ. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടയിലും പാലം പൊളിച്ച് നീക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.