കായികപ്പോരിന് കടൽ കടന്നൊരു പെൺപട
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ മാറ്റുരയ്ക്കാൻ കടൽ കടന്ന് ആദ്യമായി പെൺപടയെത്തി. യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ കേരള സിലബസ് പഠിക്കുന്ന അഞ്ച് പെൺകുട്ടികൾ. അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിമ എന്നിവർ. അത്‌ലറ്റിക്‌സിലാണ് ഇവരുടെ പോരാട്ടം. പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്നവരാണ് ഇവരെല്ലാം.
34 ആൺകുട്ടികളും യു.എ.ഇ സംഘത്തിലുണ്ട്. കഴിഞ്ഞ തവണ യു.എ.ഇയിൽ നിന്ന് ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തത്. ഫുട്ബാൾ, ബാഡ്മിന്റൺ, ബാസ്ക്കറ്റ് ബാൾ, അത്‌ലറ്റിക്‌സ് എന്നിവയിലാണ് ആൺകുട്ടികൾ മത്സരിക്കുന്നത്.
നിംസ് ദുബായ്, ദി ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽ ഖുവൈൻ, ഗൾഫ് മോഡൽ സ്കൂൾ ദുബായ്, അബുദാബി മോഡൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ എന്നിവിടങ്ങളിലെ കുട്ടികളാണ് സംഘത്തിലുള്ളത്.
കേരളത്തിൽ ജനിച്ച് പിന്നീട് യു.എ.ഇയിൽ സ്ഥിരതാമസമാക്കിയവരും യു.എ.ഇയിൽ മലയാളി കുടുംബത്തിൽ ജനിച്ചവരുമാണ് കുട്ടികളെല്ലാം. മുൻവർഷങ്ങളിൽ കായികമേളയിൽ ഓരോ ഇനത്തിനും വിജയികളുടെ സ്കോർ വിലയിരുത്തി, സെലക്ഷൻ നടത്തിയാണ് കുട്ടികളുടെ ടീം സജ്ജമാക്കിയത്. ഓരോ സ്‌കൂളും സ്വന്തം നിലയിലാണ് ടീമിനുള്ള ചെലവ് വഹിക്കുന്നത്.
എട്ട് അദ്ധ്യാപകരും കുട്ടികൾക്കൊപ്പമുണ്ട്. നിംസ് ദുബായിലെ സ്‌പോർട്സ് കോർഡിനേറ്റർ ഹഫ്സത്താണ് അദ്ധ്യാപകർക്കിടയിലെ ഏക വനിത. നരേൻ, അലി, മഹേഷ്, ചന്ദ്രൻ, മുഹമ്മദ് നസീർ, സുഹൈൽ, മുകുന്ദൻ എന്നിവരാണ് മറ്റദ്ധ്യാപകർ. മികച്ച പ്രകടനം കാഴ്ച വാക്കാനാവുമെന്നാണ് കുട്ടികളുടെയും അദ്ധ്യാപകരുടെയും പ്രതീക്ഷ.
ഒളിമ്പിക്സോളം, സ്കൂളാവേശം
അൻസാർ.എസ്.രാജ്
ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം ഫുട്ബാൾ ഇതിഹാസം ഐ.എം വിജയൻ ദീപശിഖ കൊളുത്തും ഇന്ന് ഉദ്ഘാടനവും മാർച്ച് പാസ്റ്റും, മത്സരങ്ങൾ നാളെ മുതൽ 20,000 മത്സരാർത്ഥികളാണ് എട്ടു ദിവസമായി നടക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നത് 12 വേദികളിൽ മത്സരങ്ങൾ. താമസ സൗകര്യം നഗരത്തിലെ 75 സ്കൂളുകളിൽ. ഗതാഗതത്തിന് 200 ബസ്