 പാർട്ടി മുഖപത്രത്തിലും വിമർശനം -- പി.എം ശ്രീയിൽ സി.പി.ഐയെ​ മയപ്പെടുത്താൻ സി.പി.എം

Tuesday 21 October 2025 1:05 AM IST

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ. പാർട്ടി മുഖപത്രമായ ജനയുഗത്തിൽ, 'പി.എം ശ്രീയിലെ കാണാച്ചരടുകൾ" എന്ന തലക്കെട്ടിൽ ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ രൂക്ഷമായ ഭാഷയിലാണ് വിമർശനമുയർത്തിയത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി കെ.രാജനും പദ്ധതി ഒപ്പുവയ്ക്കുന്നതിനെതിരെ രംഗത്തെത്തിയതന് പിന്നാലെയാണിത്.

അതേസമയം,​ സി.പി.ഐയെ അനുനയ പാതയിലേക്ക് എത്തിക്കാനാണ് സി.പി.എം ശ്രമം. കേരളത്തിന് അർഹതപ്പെട്ടത് നേടിയെടുക്കണമെന്നതാണ് പൊതു നിലപാട്. ഇതിൽ നിന്നു കൊണ്ട് വകുപ്പുകൾ തീരുമാനമെടുക്കാറുണ്ടെന്ന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ മറുപടി നൽകി.

'കേരളത്തിന് അർഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയുമാണ് ഈഘട്ടത്തിൽ വേണ്ടത്. അല്ലാതെ ആർ.എസ്.എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ബലികഴിക്കുകയല്ല എന്നാണ് ലേഖനത്തിൽ പറയുന്നത്.

സി.പി.ഐയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫും യുവജന വിഭാഗമായ എ.ഐ.വൈ.എഫും പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പി.എം ശ്രീയുടെ കാതൽ എൻ.ഇ.പിയാണ്. അതിന്റെ അടിസ്ഥാനം ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വിദ്യാഭ്യാസ തത്വങ്ങളും കാഴ്ചപ്പാടുകളുമാണ്. അതിന്റെ ഉള്ളടക്കത്തിൽ ഒപ്പിട്ടു കൊണ്ടാണോ നമ്മൾ പോകുന്നതെന്നാണ് ബിനോയ് വിശ്വം ചോദിച്ചത്. നേരത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് പി.എം ശ്രീ വന്നപ്പോൾ സി.പി.ഐ മന്ത്രിമാർ എതിർത്തതാണ്. എൽ.ഡി.എഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യാൻ അന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. അതിന് മുതിരാതെ, പദ്ധതി ഒപ്പുവയ്ക്കാൻ വിദ്യാഭ്യാസവകുപ്പ് തുനിഞ്ഞതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്.

എന്നാൽ, കേന്ദ്ര ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും 1466 കോടി രൂപ വെറുതെ കളയേണ്ടതില്ലല്ലോ എന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വാദം.

സി.പി.ഐ മുമ്പും

എതിർത്തു, വഴങ്ങി

 തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ മാറ്റണമെന്ന് സി.പി.ഐ കടുംപിടുത്തം കാട്ടിയെങ്കിലും ഒടുവിൽ അയഞ്ഞു

 ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നിയമഭേദഗതി ഓർഡിനൻസിനെ മന്ത്രിസഭായോഗത്തിൽ എതിർത്തു. പിന്നീട് പരിഗണനയ്ക്ക് വന്നപ്പോൾ എതിർത്തില്ല