മന്ത്രി പറഞ്ഞു; എയർ ഹോണുകൾ 'പപ്പടമാക്കി'

Tuesday 21 October 2025 1:06 AM IST

കൊച്ചി: എയർ ഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നിർദ്ദേശം എറണാകുളത്ത് നടപ്പാക്കി മോട്ടോർ വാഹന വകുപ്പ്. പ്രത്യേക ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ 250ലധികം എയർ ഹോണുകൾ ഇന്നലെ ജെ.സി.ബിയിൽ ഘടിപ്പിച്ച പ്രത്യേക റോളർ ഉപയോഗിച്ച് തകർത്തു. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം എ.എൽ ജേക്കബ് പാലത്തോട് ചേർന്നായിരുന്നു നടപടികൾ.

എയർ ഹോണുകൾ കണ്ടെത്താൻ ജില്ലയിൽ കഴിഞ്ഞ് 13ന് ആരംഭിച്ച പ്രത്യേക പരിശോധന തുടരുകയാണ്. എയർ ഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്ക് എം.വി.ഡി പിഴ ചുമത്തുന്നുമുണ്ട്. 211 വാഹനങ്ങളിൽ നിന്ന് 4,48,000 രൂപ പിഴയായി കിട്ടി.

112 ഡെസിബൽ വരെ ശബ്ദമുള്ള ഹോണുകളാണ് വാഹനങ്ങളിൽ അനുവദനീയം. പിടിച്ചെടുത്തതെല്ലാം ഇതിലേറെ ശബ്ദം പുറപ്പെടുവിക്കുന്നവയാണ്. ഇത്തരം എയർഹോൺ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകും.

നാടകമെന്ന് ആക്ഷേപം

അതേസമയം, എയർ ഹോൺ പിടിച്ചെടുക്കൽ പ്രഹസനമാണെന്നും ആക്ഷേപമുയർന്നു. എയർ ഹോണിന്റെ ശബ്ദം പുറപ്പെടുവിക്കുന്ന ഭാഗം പിടിച്ചെടുക്കാതെ, അതിന്റെ മുന്നിലുള്ള പ്ളാസ്റ്റിക് ഭാഗം മാത്രമാണ് വാഹനങ്ങളിൽ നിന്ന് അഴിച്ചെടുത്ത് നശിപ്പിച്ചത്. ഇത് വീണ്ടും വാങ്ങി ഫിറ്റ് ചെയ്യാവുന്നതേയുള്ളൂ. അഴിച്ചെടുക്കാവുന്ന ഭാഗങ്ങൾ നശിപ്പിച്ചെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം.