ആർ.എസ്.എസിന്റെ തിട്ടൂരത്തിന് സർക്കാർ വഴങ്ങരുത്:സി.പി.ഐ

Tuesday 21 October 2025 1:05 AM IST

തിരുവനന്തപുരം: മോദി സർക്കാരിനെതിരെ പ്രതിരോധം തീർക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘപരിവാർ ബുദ്ധിയുടെ ഉത്പന്നമാണ് പി.എം ശ്രീയെന്ന് സി.പി.ഐ മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു. പി.എം ശ്രീ ഒപ്പുവച്ചാൽ നടപ്പാക്കുന്ന വിദ്യാലയം എൻ.ഇ.പി (ദേശീയ വിദ്യാഭ്യാസ നയം) അനുസരിച്ച് പാഠ്യപദ്ധതിയും കേന്ദ്ര പുസ്തകങ്ങളും പഠിപ്പിക്കണം. അതിന്റെ മേൽനോട്ടവും നിയന്ത്രണവും കേന്ദ്ര ഏജൻസിക്കാവും. കരിക്കുലം, പാഠ്യപദ്ധതി, മനുഷ്യശേഷി വിനിയോഗം, സ്‌കൂൾ നേതൃത്വം, നിയന്ത്രണം, മേൽനോട്ടം തുടങ്ങിയവ ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രതിപാദിക്കും വിധമായിരിക്കും.

രണ്ട് തരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടും. പി.എം ശ്രീ സ്‌കൂളുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിന് നഷ്ടമാകും. ദേശീയതലത്തിൽ നയത്തെ എതിർക്കുന്ന കോൺഗ്രസിന്റെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും മൗനം നിഗൂഢമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് അർഹമായ തുക ലഭ്യമാക്കുന്നതിന് പാർലമെന്റിൽ കൂട്ടായി ശബ്ദമുയർത്താൻ അവരിതുവരെ തയ്യാറായിട്ടില്ല.