ഗുരുവായൂരിലെ ക്രമക്കേട്: കഴമ്പില്ലെന്ന് ദേവസ്വം, ചെയർമാന്റെ വിശദീകരണം ഇന്ന്

Tuesday 21 October 2025 1:58 AM IST

തൃശൂർ: സംസ്ഥാന ഓഡിറ്റ് വകുപ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ കഴമ്പില്ലെന്ന നിലപാടിൽ ദേവസ്വം അധികൃതർ. ദേവസ്വം ചെയർമാൻ വി.കെ.വിജയൻ ഇന്ന് വിശദീകരണ കുറിപ്പ് ഇറക്കിയേക്കും. നാളെയും മറ്റെന്നാളും ദേവസ്വം ബോർഡ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. വിഷയം ചർച്ചയാവും.

2019-20 കാലയളവിലെ ക്രമക്കേടാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.

സാമ്പത്തിക അച്ചടക്കമില്ലായ്മ, ആഭ്യന്തര നിയന്ത്രണ സംവിധാനത്തിലെ പോരായ്മകൾ എന്നിവ വീഴ്ചകളായി പറയുന്നു. ജീവനക്കാരിൽ നിന്ന് പിരിച്ച നാഷണൽ പെൻഷൻ സ്‌കീം (എൻ.പി.എസ്.) വിഹിതം ട്രസ്റ്റ് അക്കൗണ്ടിൽ അടയ്ക്കാതെ ദേവസ്വം അക്കൗണ്ടിൽ സൂക്ഷിച്ചത് ഉൾപ്പെടെ 1.07 കോടിയുടെ സാമ്പത്തിക ക്രമക്കേടിനെ കുറിച്ചും പരാമർശമുണ്ട്. പുന്നത്തൂർ കോട്ടയിൽ ആനക്കൊമ്പുകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് പറയുന്നു. കസ്റ്റഡിയിലുള്ള ആനക്കൊമ്പുകളുടെ വിശദാംശങ്ങൾ നൽകാൻ ദേവസ്വത്തോട് അസിസ്റ്റന്റ് കൺസർവേറ്റർ നിദ്ദേശിച്ചെങ്കിലും വിവരം നൽകുകയോ ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

അതേസമയം, ആന ചരിഞ്ഞാൽ കൊമ്പെടുക്കുന്നതും സൂക്ഷിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നത് വനം വകുപ്പാണെന്ന് ദേവസ്വം അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ആനക്കൊമ്പ് വിഷയം കോടതിക്ക് മുമ്പാകെ എത്തിയപ്പോൾ, വിശദീകരണം നൽകിയിട്ടുണ്ടെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്.

സ്വർണം രജിസ്റ്ററിൽ

പൊരുത്തക്കേട്

#സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ളവ രേഖപ്പെടുത്തുന്ന രജിസ്റ്ററിൽ പൊരുത്തക്കേട് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.

ഉപയോഗശേഷം തിരികെ നൽകിയ വസ്തുക്കൾക്ക് ഭാരം കുറയുന്നു

പത്ത് മാസത്തിനുള്ളിൽ ഒരു വെള്ളിക്കലം 1.19 കിലോഗ്രാം കുറഞ്ഞു

മറ്റൊരു വെള്ളി വിളക്കിന് നൂറ് ഗ്രാം വരെ കുറഞ്ഞു ഒരു സ്വർണാഭരണത്തിന് പകരം വെള്ളി ആഭരണം നൽകി

2.65 കിലോഗ്രാം വെള്ളി പാത്രത്തിന് പകരം 750 ഗ്രാം ഭാരമുള്ള മറ്റൊന്ന് നൽകി. കിലോയ്ക്ക് നൂറുരൂപ വിലയുള്ള 17 ചാക്ക് മഞ്ചാടിക്കുരു നഷ്ടപ്പെട്ടു