കെ.എ.എസ് ഒന്നാം റാങ്കുകാരി ഇന്ന് ഐ.എഫ്.എസ് ഉദ്യോഗസ്ഥ

Tuesday 21 October 2025 1:09 AM IST

എസ്. മാലിനി

ആലപ്പുഴ: മോഹം മനസിലുറപ്പിച്ച് കഠിനാദ്ധ്വാനം ചെയ്താൽ എത്തിപ്പിടിക്കാൻ കഴിയാത്ത ലക്ഷ്യമില്ലെന്നതിന്റെ ഉദാഹരണമാണ് എസ്.മാലിനി എന്ന 32കാരി. കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് എന്നറിയപ്പെടുന്ന കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശേഷം ഇന്ത്യൻ ഫോറിൻ സർവീസ് എന്ന സ്വപ്ന യാത്ര മാലിനിയെ കൊണ്ടെത്തിച്ചത് ഈജിപ്തിൽ അംബാസിഡറുടെ തേർഡ് സെക്രട്ടറി പദവിയിൽ. ഡൽഹി സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ അഫയേഴ്സിലെ ട്രെയിനിംഗ് കഴിഞ്ഞാണ് മാലിനി ഈജിപ്തിലേക്ക് പറന്നത്.

2020ൽ സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്കും 2021ൽ നടന്ന ആദ്യ കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്കും നേടിയെങ്കിലും ഐ.എഫ്.എസ് എന്ന സ്വപ്‌നത്തിലേക്കെത്താൻ വീണ്ടും ഒരുപാട് പരിശ്രമിക്കേണ്ടിവന്നു. 2023ൽ നാലാം ശ്രമത്തിൽ 81-ാംറാങ്കോടെയാണ് ആ ലക്ഷ്യത്തിൽ മാലിനിയെത്തിയത്. ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണറായി നാഗ്പൂരിൽ പരിശീലനം തുടരുന്നതിനിടെ അവധിയെടുത്തായിരുന്നു ഐ.എഫ്.എസ് പഠനം. ചെട്ടികുളങ്ങര കൈതവടക്ക് പ്രതിഭയിൽ അഡ്വ. പി.കൃഷ്ണകുമാറിന്റെയും റിട്ട. അദ്ധ്യാപിക ശ്രീലതയുടെയും മകളാണ്. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി നന്ദിനിയാണ് സഹോദരി.

സ്വപ്‌നത്തിനിടെ

ജോ​ലി​ക്കെന്ത് കാര്യം!

​മാ​വേ​ലി​ക്ക​ര​ ​വി​ദ്യാ​ധി​രാ​ജ​ ​വി​ദ്യാ​പീ​ഠം​ ​സെ​ൻ​ട്ര​ൽ​ ​സ്കൂൾ,​​ ​​കാ​യം​കു​ളം​ ​എ​സ്.​എ​ൻ​ ​സെ​ൻ​ട്ര​ൽ​ ​സ്‌​കൂ​ൾ എന്നിവിടങ്ങളിലായിരുന്നു മാലിനിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഹൈ​ദ​രാ​ബാ​ദി​ലെ​ ​ഇം​ഗ്ളീ​ഷ് ​ആ​ൻ​ഡ് ​ഫോ​റി​ൻ​ ​ലാം​ഗ്വേ​ജ്സ് ​(​ഇഫ്ളു​)​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നിന്ന്​ ​ബി.​എ​ ​ഇം​ഗ്ളീ​ഷ് ​ലി​റ്റ​റേ​ച്ച​റും​ ​എം.​എ​ ​ലിം​ഗ്വി​സ്റ്റി​ക്കും പാസായി. ഇതിനിടെ ​കേം​ബ്രി​ഡ്‌​ജ് ​ന​ട​ത്തു​ന്ന ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഇ​ൻ​ ​ഇം​ഗ്ളീ​ഷ് ​ ലാം​ഗ്വേ​ജ് ​ടീ​ച്ചിം​ഗ് ​ഫോ​ർ​ ​അ​ഡ​ൽ​ട്ട് (സെ​ൽ​ട്ട) കോ​ഴ്‌​സ് ​ചെ​യ്‌​തു.​ തുടർന്ന് ഡ​ൽ​ഹി​യിലെ​ ​സ്വകാര്യ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ജോ​ലി​ ​ചെയ്യുന്നതിനിടെയാണ്​​ ​ഇ​ന്ത്യ​ൻ​ ​ഫോ​റി​ൻ​ ​സ​ർ​വീ​സ് ​എ​ന്ന​ ​​ആ​ഗ്ര​ഹം തലയ്ക്കുപിടിച്ചത്. പിന്നീട് ഒന്നും ആലോചിച്ചില്ല,​​ ജോ​ലി​ ​രാ​ജി​വ​ച്ച് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രി​ശീ​ല​ന​ത്തി​ന് ​ചേ​ർ​ന്നു.

​ ​

മാലിനിയുടെ സിവിൽ

സർവീസ് 'സ്ട്രാറ്റജി"

ഓ​രോ​ ​ദി​വ​സവും എത്രത്തോളം പഠിക്കണം, എത്ര വിഷയങ്ങൾ പഠിക്കണം എന്ന കൃത്യമായ ടൈംടേബിൾ ഒരുക്കിയായിരുന്നു മാലിനിയുടെ പഠനം. ഒരുദിവസം 10- 15 മണിക്കൂർ പഠിക്കും. ഒ​രു​ ​വി​ഷ​യ​ത്തി​ന് ​ഒ​രു​ ​പു​സ്‌​ത​കം​ ​മാ​ത്ര​മേ​ ​ നോ​ക്കി​യു​ള്ളൂ.​ ​അ​ല്ലെ​ങ്കി​ൽ​ ​വാ​യി​ച്ചു​ ​തീ​രി​ല്ല.​ ​നേ​ട​ണ​മെ​ന്ന് ​അ​തി​യാ​യ​ ​ആ​ഗ്ര​ഹ​മു​ള്ള​തി​നാ​ലാ​ണ് ​ആ​ദ്യ​ ​പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷ​വും​ ​മു​ന്നോ​ട്ടു​പോ​യ​ത്.​ ​സാഹിത്യകാരനായ മുത്തച്ഛൻ എരുമേലി പരമേശ്വരൻ പിള്ളയുടെ വലിയ ലൈബ്രറിയിൽ നിന്നാണ് പുസ്തക വായന ആരംഭിച്ചത്.