നിക്ഷേപകർക്ക് ആവേശമേറുന്നു

Tuesday 21 October 2025 12:14 AM IST

കൊച്ചി: ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയുടെ പ്രത്യാഘാതം ചരക്ക് സേവന നികുതിയിലെ(ജി.എസ്.ടി) കുറവിലൂടെ മറികടക്കാമെന്ന് പ്രതീക്ഷയേറിയതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെയും മുന്നേറ്റം തുടർന്നു.

രാജ്യത്തെ വാഹന, എഫ്.എം.സി.ജി, കൺസ്യൂമർ ഇലക്ട്രോണിക്‌സ് വിപണികൾ മികച്ച മുന്നേറ്റത്തിലാണ്. ഇതോടെ വിദേശ ധനകാര്യ നിക്ഷേപകർ ഉൾപ്പെടെ വിപണിയിലേക്ക് വൻതോതിൽ പണമൊഴുക്കി.

ഇന്ത്യയുമായുള്ള വ്യാപാരത്തർക്കങ്ങൾ പരിഹരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് ചർച്ചകൾക്ക് തുടക്കമിടുമെന്ന വാർത്തകൾ വിപണിക്ക് ആവേശം പകർന്നു. ഇരു രാജ്യങ്ങളും തമ്മിൽ പകര, പിഴ തീരുവ വിഷയങ്ങളിൽ താമസിയാതെ ധാരണയുണ്ടാകുമെന്ന പ്രതീക്ഷകൾ ശക്തമാണ്. ഡിസംബറിലെ റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തിൽ മുഖ്യ പലിശ നിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യതയും നിക്ഷേപകരുടെ ആത്മ വിശ്വാസം വർദ്ധിപ്പിച്ചു.

അസോസിയേഷൻ മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് കഴിഞ്ഞ മാസം 21 ശതമാനം ഉയർന്ന് 33,430 കോടി രൂപയിലെത്തി.