ആമസോൺ ക്ളൗഡ് സേവനത്തിൽ തകരാർ: വെബ്സൈറ്റുകളുടെ പ്രവർത്തനം തടസപ്പെട്ടു

Tuesday 21 October 2025 12:16 AM IST

കൊച്ചി: ആമസോണിന്റെ ക്ളൗഡ് സേവന വിഭാഗമായ ആമസോൺ വെബ് സർവീസസ്(എ.ഡബ്‌ള്യു.എസ്) പണിമുടക്കിയതോടെ ലോകത്തിലെ പ്രമുഖ വെബ്‌സൈറ്റുകളുടെ പ്രവർത്തനം മണിക്കൂറുകൾ തടസപ്പെട്ടു. ക്ളൗഡ് സേവനങ്ങളിലെ തകരാർ മൂലം ജനപ്രിയ വെബ്‌സൈറ്റുകളും ആപ്പുകളുമായ ആമസോൺ ഷോപ്പിംഗ് സൈറ്റ്, പെർപ്ളെക്‌സിറ്റി, ലിഫ്‌റ്റ്, ഫോർട്ട്‌നൈറ്റ്, സ്‌റ്റാപ്പ്‌ചാറ്റ്, ക്ളാഷ്‌ റോയലേ തുടങ്ങിയവയൊന്നും ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനായില്ല. ക്രിപ്‌റ്റോ കറൻസി ഏജൻസിയായ കോയിൻബേസ്, ട്രേഡിംഗ് പ്ളാറ്റ്ഫോമായ റോബിൻ ഹുഡ് എന്നിവയുടെയും പ്രവർത്തനം തടസപ്പെട്ടു. വ്യക്തികൾക്കും സർക്കാർ ഏജൻസികൾക്കും കമ്പനികൾക്കും ഓൺ ഡിമാൻഡ് കംപ്യൂട്ടിംഗ് പവറും ഡാറ്റ സ്‌റ്റോറേജും ഡിജിറ്റൽ സർവീസുകളും എ.ഡബ്‌ള്യു. എസാണ് നൽകുന്നത്. ആമസോണിന്റെ പ്രൈം വീഡിയോ, അലക്സാ എന്നിവയുടെ പ്രവർത്തനങ്ങളും തടസപ്പെട്ടു. ഇന്ത്യയിൽ കാര്യമായ പ്രശ്നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.