₹6,000 കോടി സമാഹരിക്കാൻ ഫെഡറൽ ബാങ്ക്

Tuesday 21 October 2025 12:17 AM IST

ആഗോള നിക്ഷേപ സ്ഥാപനമായ ബ്ളാക്ക്‌സ്‌റ്റോൺ രംഗത്ത്

കൊച്ചി: പ്രിഫറൻഷ്യൽ ഓഹരി വിൽപ്പനയിലൂടെ അയ്യായിരം കോടി മുതൽ ആറായിരം കോടി രൂപ വരെ സമാഹരിക്കാൻ കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് ഒരുങ്ങുന്നു. പുതുതായി ഇറക്കുന്ന 9.9 ശതമാനം ഓഹരികൾ വാങ്ങാൻ അമേരിക്കയിലെ പ്രമുഖ നിക്ഷേപക ഗ്രൂപ്പായ ബ്ളാക്ക്‌സ്‌റ്റോൺ അടക്കം നാല് പ്രമുഖ ഗ്രൂപ്പുകൾ ഓഹരി വാങ്ങാൻ രംഗത്തുണ്ട്. ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ കെ.വി.എസ് മണിയൻ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഓഹരി വിൽപ്പനയാണിത്.

ഓഹരിയൊന്നിന് 210 മുതൽ 215 രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 24ന് നടക്കുന്ന ബാങ്കിന്റെ ഡയറക്‌ടർ ബോർഡിൽ ഇക്കാര്യം തീരുമാനിക്കും. അതേസമയം ന്യൂനപക്ഷ ഓഹരി പങ്കാളിത്ത ഇടപാടുകൾക്ക് താത്പര്യമില്ലെന്ന് ബ്ളാക്ക്‌സ്‌റ്റോൺ വ്യക്തമാക്കി. മൂലധന അടിത്തറ ശക്തമാക്കുന്നതിനും ഭാവി വികസനങ്ങൾക്ക് പണം കണ്ടെത്തുന്നതിനുമാണ് ഫെഡറൽ ബാങ്ക് പുതിയ ഓഹരികൾ പുറത്തിറക്കുന്നത്.