യു.എസ് ഇതര വിപണികൾ പിടിച്ച് ഇന്ത്യ

Tuesday 21 October 2025 12:19 AM IST

അമേരിക്കൻ തീരുവ പ്രതിസന്ധി മറികടക്കുന്നു

കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവ നേരിടാൻ ഇന്ത്യ സ്വീകരിച്ച നടപടികൾ വിജയത്തിലേക്ക്. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം പിഴച്ചുങ്കത്തോടൊപ്പം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് മൊത്തം 50 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയത്. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി ഏറ്റുമുട്ടലിന് നീങ്ങാതെ പുതിയ വിപണികൾ കണ്ടെത്തി അമേരിക്കൻ കയറ്റുമതിയിലെ നഷ്‌ടം മറികടക്കാനാണ് ഇന്ത്യ ശ്രമിച്ചത്. വിപുലമായി തൊഴിൽ സൃഷ്‌ടിക്കുന്ന ടെക്സ്‌റ്റൈയിൽ, ജെം ആൻഡ് ജുവലറി, സമുദ്രോത്‌പന്നങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ അമേരിക്കൻ നടപടി കനത്ത പ്രതിസന്ധി സൃഷ്‌ടിച്ചു.

സെപ്തംബറിൽ അമേരിക്കയിലേക്കുള്ള മൊത്തം കയറ്റുമതി 37.5 ശതമാനം ഇടിഞ്ഞ് 550 കോടി ഡോളറായിരുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതി ഇടിവ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കില്ലെന്ന് ഐ.എം.എഫ് അടക്കമുള്ള ആഗോള ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5 ശതമാനമായി ഉയരുമെന്നാണ് ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നത്.

കയറ്റുമതി മുന്നോട്ട്

യു.എസ് പ്രതിസന്ധിയിലും ഇന്ത്യയുടെ മൊത്തം കയറ്റുമതി മുൻവർഷത്തേക്കാൾ 6.7 ശതമാനം വളർച്ച നേടി. മുൻകൂർ വാങ്ങലും വിപണിയുടെ വൈവിദ്ധ്യവൽക്കരണവുമാണ് ഇക്കാലയളവിൽ ഇന്ത്യയ്ക്ക് നേട്ടമായത്. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ മൊത്തം കയറ്റുമതി 3.02 ശതമാനം ഉയർന്ന് 22,012 കോടി ഡോളറായി.

പുതിയ വിപണികൾ

ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മദ്ധ്യേഷ്യ

ചെലവ് ചുരുക്കലിന് പ്രാമുഖ്യം

അമേരിക്കയുടെ തീരുവ യുദ്ധ പ്രതിസന്ധി മറികടക്കാൻ ചെലവ് ചുരുക്കൽ നടപടികൾ കമ്പനികൾ ശക്തമാക്കുകയാണ്. ജീവനക്കാരുടെ കൂലിയും ചരക്ക് ഗതാഗത ചെലവും അനാവശ്യ ചെലവുകളും നിയന്ത്രിച്ച് ആഗോള വിപണിയിൽ മത്സരക്ഷമത നേടാനാണ് ശ്രമം.

ഫോക്കസ് വിപണികൾ

50

രാജ്യങ്ങൾ

ബദൽ വിപണികളിൽ നേട്ടം

വിയറ്റ്‌നാം, കൊറിയ, ജർമ്മനി, റഷ്യ, കെനിയ, കാനഡ തുടങ്ങിയ 24 രാജ്യങ്ങളിലേക്ക് കയറ്റുമതി ഉയരുന്നു