ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ ഇന്ന് തിരിച്ചെടുക്കാൻ നീക്കം
തിരുവനന്തപുരം : കുടിശ്ശിക നൽകാതായതോടെ മെഡിക്കൽ കോളേജുകൾക്ക് വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ. കുടിശ്ശിക കൂടുതലുള്ള നാല് ആശുപത്രികളിലെ ഉപകരണങ്ങളാണ് തിരിച്ചെടുക്കുക. തിരുവനന്തപുരം മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിങ്ങളിൽ നിന്നാണ് ഉപകരണങ്ങൾ തിരിച്ചെടുക്കുക. ഇന്ന് ഇത് സംബന്ധിച്ച കത്ത് ആശുപത്രി സൂപ്രണ്ടുമാർക്ക് നൽകും. ഇന്ന് തന്നെ ഉപകരണങ്ങൾ തിരിച്ചെടുക്കാനാണ് കമ്പനി പ്രതിനിധികൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ വർഷം മേയ് മുതലുള്ള 158 കോടിയിൽ ഇതുവരെ 28 കോടിയോളം മാത്രമാണ് നൽകിയതെന്ന് വിതരണക്കാർ പറയുന്നു. 18 മാസത്തെ കുടിശ്ശികയിൽ രണ്ടു മാസത്തെ തുക നൽകി. 16 മാസത്തെ കുടിശ്ശികയാണ് ഇനി ലഭിക്കാനുള്ളത്. കടം പെരുകിയതോടെ സെപ്തംബർ ഒന്നു മുതൽ വിതരണക്കാർ വിതരണം നിറുത്തിയിട്ടുണ്ട്. അതേസമയം, ഉപകരണങ്ങൾ തിരിച്ചെടുക്കൽ എങ്ങനെ സാദ്ധ്യമാകുമെന്നാണ് ആശുപത്രി അധികൃതരുടെ ചോദ്യം. കുടിശ്ശിക സംബന്ധിച്ച് കമ്പനികൾ നൽകിയ കേസ് കോടതിയുടെ പരിഗണനയിലാണ്. ഘട്ടം ഘട്ടമായി കുടിശിക നൽകുന്നുമുണ്ട്. അതിനിടയിൽ അതിക്രമിച്ച് കയറി ഉപകരണങ്ങൾ എടുക്കാനാണ് ശ്രമമെങ്കിൽ നിയമപരമായി നേരിടാനാണ് ആശുപത്രി മേധാവികളുടെ തീരുമാനം.