 വിദേശ പഠനം വിദ്യാർത്ഥികൾക്ക് വഴികാട്ടി ചാറ്റ് ജി.പി.ടിയും ജെമിനിയും

Tuesday 21 October 2025 12:20 AM IST

കൊച്ചി: വിദേശ പഠനത്തിൽ വിദ്യാർത്ഥികളുടെ അവസാന വാക്ക് ചാറ്റ് ജി.പി.ടിയും ജെമിനിയും! ഭൂരിഭാഗം വിദ്യാർത്ഥികളും തിരഞ്ഞെടുക്കേണ്ട യൂണിവേഴ്സിറ്റി, കോഴ്സ്, പഠനശേഷമുള്ള ജോലി സാദ്ധ്യത എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങൾക്കായി എ.ഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നുവെന്ന് പഠനം.

ഇന്റർനാഷണൽ ഡെവലപ്മെന്റ് പ്രോഗ്രാം (ഐ.ഡി.പി) സർവേയിലാണ് വിദേശ പഠനത്തിന് ശ്രമിക്കുന്ന 54ശതമാനം വിദ്യാർത്ഥികളും ചാറ്റ് ജി.പി.ടിയുടെയും ജെമിനിയുടെയും സഹായം തേടുന്നതായി വ്യക്തമാക്കുന്നത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ലോകമെമ്പാടുമുള്ള 8,000 വിദ്യാർത്ഥികളിൽ നിന്നാണ് ഐ.ഡി.പി വിവരങ്ങൾ തേടിയത്. 2024ൽ 36ശതമാനം വിദ്യാർത്ഥികളാണ് എ.ഐ സഹായത്തോടെ വിദേശ പഠന സാദ്ധ്യതകൾ കണ്ടെത്തിയത്.

ആധുനിക ടെക്നോളജിയിലേക്ക് മാറുമ്പോഴും പരമ്പരാഗത രീതിയേയും വിദ്യാർത്ഥികൾ കൈവിട്ടിട്ടില്ല. അമേരിക്കയിലെ എഡ്യുക്കേഷൻ കൺസൾട്ടൻസിയായ ഇ.എ.ബി പുറത്തുവിട്ട വിവരമനുസരിച്ച് ക്യാമ്പസ് നേരിട്ട് സന്ദർശിച്ചും കോളേജ് ഫെയറിൽ പങ്കെടുത്തും വിദേശപഠന സ്ഥാപനം കണ്ടെത്തുന്ന 34ശതമാനം വിദ്യാർത്ഥികൾ ഇപ്പോഴുമുണ്ട്. യൂണിവേഴ്സിറ്റി വെബ്സൈറ്റുകളിലും എഡ്യുക്കേഷൻ കൺസൾട്ടൻസികളിലും വിശ്വാസമർപ്പിച്ച് പഠനമേഖല കണ്ടെത്തുന്നവരാണ് ബാക്കിയുള്ളവർ.

മാർക്കറ്റിംഗ് തന്ത്രത്തിൽ മാറ്റം

വിദ്യാർത്ഥികൾ ടെക്നോളജി സഹായത്തോടെ പഠന മേഖല കണ്ടെത്താൻ തുടങ്ങിയതോടെ യൂണിവേഴ്സിറ്റികളും വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ മാറ്റി. കോഴ്സുകളുടെ വൈവിദ്ധ്യം, ഫാക്കൽട്ടി, ക്യാമ്പസ് ലൈഫ് തുടങ്ങിയ തങ്ങളുടെ മികവുകൾ എ.ഐ സഹായത്തോടെ വിദ്യാർത്ഥികളിലെത്തിക്കുന്ന രീതിയിലേക്ക് യൂണിവേഴ്സിറ്റികൾ മാറി. പല വിദേശ സർവകലാശാലകളും സാമ്പത്തിക ബുദ്ധിമുട്ട്, വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് തുടങ്ങിയ പ്രതിസന്ധി നേരിടുന്നുണ്ട്. മാർക്കറ്റിംഗ് മേഖലയിൽ യൂണിവേഴ്സിറ്റികൾ തമ്മിൽ കടുത്ത മത്സരമുണ്ടാകാനുള്ള സാദ്ധ്യതയും വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല.