സംരക്ഷണ വേലിയില്ല ; കൈയ്യെത്തും ദൂരത്ത് ട്രാൻസ്ഫോർമറും ഫ്യുസ് കാരിയറുകളും
തിരുവല്ല : തിരക്കേറിയ മനക്കച്ചിറ - കിഴക്കൻ മുത്തൂർ റോഡിലെ മണക്കാട്ടുപടി ജംഗ്ഷന് സമീപത്തെ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ അപകടഭീതി ഉയർത്തുന്നു. കുട്ടികൾ ഉൾപ്പെടെ നടന്നുപോകുന്ന റോഡരുകിലെ ട്രാൻസ്‌ഫോർമറിന് സംരക്ഷണവേലി ഇല്ലാത്തതാണ് ഭീഷണിയാകുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അതിശക്തമായ കാറ്റിലും മഴയിലും സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരങ്ങൾ കടപുഴകി ട്രാൻസ്ഫോർമറിനും വൈദ്യുതി പോസ്റ്റിനും മുകളിൽ പതിച്ച് പോസ്റ്റ് ഒടിഞ്ഞു വീണ് ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടിരുന്നു. ട്രാൻസ്ഫോമറും പോസ്റ്റും പുന:സ്ഥാപിച്ചെങ്കിലും സംരക്ഷണവേലി ഒരുക്കിയില്ല. വഴിയാത്രക്കാരുടെ കൈയെത്തും ദൂരത്താണ് ട്രാൻസ്ഫോർമറിലെ ഫ്യൂസ് കാരിയറുകൾ സ്ഥാപിച്ചിട്ടുള്ളത്. ദിവസേന ധാരാളം വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നുപോകുന്ന റോഡിൽ സംരക്ഷണവേലി ഇല്ലാത്ത ട്രാൻസ്ഫോർമർ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ട്രാൻസ്ഫോർമറിന് ചുറ്റുപാടും കുറ്റിക്കാടുകളും വളർന്നു നിൽക്കുന്നുണ്ട്. വാഹന യാത്രക്കാരും കാൽനടയാത്രക്കാരും പ്രദേശവാസികളും വിദ്യാർത്ഥികളുമൊക്കെ ഭീതിയിലാണ് ഇതുവഴി പോകുന്നത്.
.......................
ട്രാൻസ്ഫോർമറിന് സംരക്ഷണവേലി സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം
(പ്രദേശവാസികൾ)