ശബരിമലയെ വിവാദഭൂമിയാക്കാൻ ആർ.എസ്.എസ് ശ്രമം: പിണറായി

Tuesday 21 October 2025 12:00 AM IST

കണ്ണൂർ: ശബരിമലയെ വിവാദഭൂമിയാക്കാനും സങ്കുചിത ചിന്തകൾ അടിച്ചേൽപ്പിക്കാനുമാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാവർ പള്ളിക്ക് പ്രത്യേക സ്ഥാനം നൽകുന്നത് ആർ.എസ്.എസിന് അംഗീകരിക്കാൻ ആകുന്നില്ല. അയ്യപ്പന്റെ കഥയിൽ മുസ്ളീമായ വാവർക്കെന്ത് സ്ഥാനമെന്നാണ് അവർ ചിന്തിക്കുന്നത്. ജാതി ഭേദവും മതദ്വേഷവുമില്ലാത്ത നാടിനായാണ് ശ്രീനാരായണഗുരുവടക്കം നവേത്ഥാന നായകർ ശ്രമിച്ചത്. എന്നാൽ സംഘപരിവാരം അതിനെ തകർക്കാൻ ശ്രമിക്കുന്നു. ബി.ജെ.പിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകർക്കും. ഓണത്തിനെയടക്കം അവർ ഇല്ലാതാക്കും.

അമിത്ഷാ കേരളത്തിൽ വന്ന് പറഞ്ഞത് ഗൗരവത്തോടെ കാണണം. തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനം സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് കൊച്ചിയിൽ അമിത്ഷാ പറഞ്ഞത്. നിയമസാഭ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നും പറഞ്ഞു. അതിനോട് കേരള സമൂഹം പ്രത്യേക ജാഗ്രത പുലർത്തണം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ബി.ജെ.പി അധികാരത്തിൽ വന്നാൽ സാധിക്കില്ല. അടുക്കളയിലെ ഭക്ഷണം നോക്കി ആൾക്കാരെ കൊല്ലുന്നവരാണ് ആർ.എസ്.എസ്. ഇടതുപക്ഷ സർക്കാരിന്റെ ഭരണതുടർച്ച കേരളത്തിന്റെ നേട്ടങ്ങൾക്കും തുടർച്ചയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവന്ദൻ അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ എന്നിവർ സംസാരിച്ചു. കഥാകൃത്ത് ടി. പദ്മനാഭൻ ഉൾപ്പെടെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.