സ്കൂൾ കായികമേളയിലോടാൻ അഷ്ഫഖ് റാഞ്ചിയിൽ നിന്ന് പറന്നുവരും !

Monday 20 October 2025 11:22 PM IST

തിരുവനന്തപുരം : കഴിഞ്ഞ സ്കൂൾ കായികമേളയിൽ ഇരട്ടപ്പൊന്നും ബെസ്റ്റ് അത്‌ലറ്റിനുള്ള അവാർഡും നേടിയ തിരുവനന്തപുരം ജി.വി രാജ സ്കൂളിലെ അത്‌ലറ്റ് മുഹമ്മദ് അഷ്ഫഖ് ഇത്തവണ വല്ലാത്തൊരു ഓട്ടപ്പാച്ചിലിലാണ്. തന്റെ അവസാനസ്കൂൾ കായികമേള അടിപൊളിയാക്കാൻ കഠിനപരിശീലനം നടത്തികാത്തിരുന്ന അഷ്ഫഖിന് അപ്രതീക്ഷിതമായി ഇന്ത്യൻ സീനിയർ ടീമിലേക്ക് ക്ഷണമെത്തിയപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്നാൽ തിരുവനന്തപുരത്ത് സ്കൂൾ കായികമേള നടക്കുന്ന സമയത്തുതന്നെയാണ് ജാർഖണ്ഡിലെ റാഞ്ചിയിൽ സൗത്ത് ഏഷ്യൻ സീനിയർ അത്‌ലറ്റിക്സിലും മത്സരിക്കേണ്ടതെന്ന് അറിഞ്ഞതോടെ നിരാശയായി.

ജൂനിയർ പ്രായത്തിൽതന്നെ അന്തർദേശീയ മീറ്റിൽ ഇന്ത്യൻ കുപ്പായമണിയുന്നതിന്റെ പ്രാധാന്യം പറഞ്ഞുമനസിലാക്കിയ പരിശീലകൻ കെ.എസ് അജിമോൻ സൗത്ത്ഏഷ്യൻ മീറ്റിൽ പങ്കെടുത്തശേഷം സ്കൂൾ മീറ്റിൽ ഒരിനത്തിലെങ്കിലും പങ്കെടുപ്പിക്കാനുള്ള പരിശ്രമം തുടങ്ങി. ഈമാസം 24 മുതൽ 26വരെയാണ് അഷ്ഫഖിന് റാഞ്ചിയിൽ മത്സരം. 27ന് സ്കൂൾ മീറ്റിൽ 400 മീറ്ററിന്റെ ഹീറ്റ്സ് നടക്കും. 27ന് രാവിലെയാണ് സൗത്ത്ഏഷ്യൻ മീറ്റിന്റെ സംഘാടകർ റാഞ്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനടിക്കറ്റ് നൽകിയിരിക്കുന്നത്. ഈ വിമാനത്തിൽവന്നാൽ സ്കൂൾ മീറ്റിൽ ഓടാൻ കഴിയാത്തതിനാൽ കോച്ച് സ്വന്തം ചെലവിൽ 26ന് രാത്രി റാഞ്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റെടുത്തു. ഇതനുസരിച്ച് 26ന് രാത്രി റാഞ്ചിയിൽ ഓട്ടമത്സരം കഴിഞ്ഞാലുടൻ അഷ്ഫഖ് തിരുവനന്തപുരത്തേക്കുള്ള ഓട്ടപ്പാച്ചിൽ തുടങ്ങും. സ്റ്റേഡിയത്തിൽ നിന്ന്സമയം കളയാതെ റാഞ്ചി വിമാനത്താവളത്തിലെത്താനുള്ള ടാക്സി വരെ കോച്ച് ബുക്ക്ചെയ്തിട്ടുണ്ട്. 27ന് രാവിലെ തിരുവനന്തപുരത്തെത്തി അൽപ്പമൊന്ന് വിശ്രമിച്ചശേഷം നേരേ ട്രാക്കിലേക്ക് എത്താമെന്നാണ് കണക്കുകൂട്ടൽ.

തൃശൂർ കയ്പ്പമംഗലം പെരിഞ്ഞനം സ്വദേശികളായ അഷ്റഫിന്റേയും ജസീനയുടേയുംമകനായ അഷ്ഫഖ് കഴിഞ്ഞ സ്കൂൾമേളകളിലെ സൂപ്പർ സ്റ്റാറാണ്. 400 മീറ്ററും 400 മീറ്റർ ഹഡിൽസുമാണ് ഇഷ്ടഇനങ്ങൾ. കഴിഞ്ഞയാഴ്ച ഒഡിഷയിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ 400 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടിയ അഷ്ഫഖ് അമേരിക്കയിൽനടക്കുന്ന ലോക ജൂനിയർ മീറ്റിനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പ്രകടനമാണ് ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വഴിയൊരുക്കിയത്.