ഐ.ടി ജീവനക്കാരിക്ക് ഹോസ്റ്റലിൽ പീഡനം: പ്രതി ബഞ്ചമിൻ കൊടുംക്രിമിനൽ , പിടിയിലായ പ്രതിയെ യുവതി തിരിച്ചറിഞ്ഞു

Tuesday 21 October 2025 12:00 AM IST
f

കഴക്കൂട്ടം(തിരുവനന്തപുരം)​: ടെക്നോ പാർക്കിന്റെ പരിസരത്തുള്ള ഹോസ്റ്റലിൽ കയറി ഐ.ടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ബഞ്ചമിൻ കൊടുംകുറ്റവാളി. ട്രക്ക് ഡ്രൈവറും മധുര സ്വദേശിയുമായ ഇയാൾ മധുരയിലടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കൊലപാതക ശ്രമം,​പീഡനം,​മോഷണം തുടങ്ങിയവയാണ് കുറ്റങ്ങൾ.

ബഞ്ചമിനെ ഇന്നലെ നടന്ന തിരിച്ചറിയൽ പരേഡിൽ പീഡനത്തിനിരയായ യുവതി തിരിച്ചറിഞ്ഞു. റിമാൻഡിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് കഴക്കൂട്ടം പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. പ്രതി കുറ്റം സമ്മതിച്ചതായി ഡി.സി.പി ഫറാഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട്ടിലെ കേസിന്റെ വിവര ശേഖരണത്തിന് മധുര,​ഡിണ്ടിഗൽ പൊലീസിന്റെ സഹായവും തേടും.

ഹോസ്റ്റലിലെ പീഡനത്തിനു മുൻപ് സമീപത്തെ മൂന്നു വീടുകളിൽ പ്രതി മോഷണശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സി.സി.ടിവിയിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ ഒരു വീട്ടിൽ നിന്ന് കുടയെടുത്ത് മുഖം മറച്ചാണ് ഹോസ്റ്റലിൽ കയറിയത്. മറ്റു രണ്ടു വീടുകളിൽ നിന്ന് തൊപ്പിയും ഹെഡ് ഫോണും എടുത്തിരുന്നു. ട്രക്ക് കഴക്കൂട്ടത്തിനുസമീപം ഒതുക്കിയിട്ടശേഷമാണ് ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

കുറ്റിക്കാട്ടിൽ

പതിയിരുന്നു

പൊലീസ് ആദ്യം കണ്ടപ്പോൾ കുറ്റിക്കാട്ടിൽ പതിയിരുന്ന ബെഞ്ചമിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഡാൻസാഫ് സംഘം പിന്നാലെ ഓടിയാണ് സാഹസികമായി പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ 2.30നായിരുന്നു ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന യുവതിയെ പ്രതി പീഡിപ്പിച്ചത്. വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയ പ്രതി ഉറങ്ങിക്കിടന്ന യുവതിയെ കടന്നു പിടിച്ച് വായ പൊത്തി. കഴുത്ത് ഞെരിച്ചു. നിലവിളിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നായിരുന്നു പീഡനം. ഹോസ്റ്റലിൽ സി.സി ടിവി ക്യാമറ ഇല്ലാത്തതിനാൽ പ്രതിയെപ്പറ്റി യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്ന് പൊലീസ് പറഞ്ഞു. പലരും പരാതി പറയാൻ മടിച്ചു. കഴക്കൂട്ടം ഭാഗങ്ങളിൽ നടന്ന ചില മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.