കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം വരുന്നു
തിരുവനന്തപുരം: ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാൻ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്‌തികയിലേക്കുള്ള വിജ്ഞാപനം പി.എസ്. സി പ്രസിദ്ധീകരിക്കും. ഏഴാംക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യതയെങ്കിലും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. സർക്കാർ വകുപ്പുകളിലും സർവകലാശാലകളിലും ലാസ്റ്റ് ഗ്രേഡ് തസ്‌തികയിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ അനുവാദമില്ല. എന്നാൽ ഈ നിബന്ധന കമ്പനി,ബോർഡ്,കോർപ്പറേഷനുകൾക്ക് ബാധകമാക്കിയിട്ടില്ലാത്തതിനാൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാനാകും എന്നതാണ് പ്രത്യേകത.
വിവിധ കമ്പനികൾക്കും ബോർഡുകൾക്കും കോർപ്പറേഷനുകൾക്കുമായി ഒരു വിജ്ഞാപനമായിരിക്കും പ്രസിദ്ധീകരിക്കുക. റാങ്ക് ലിസ്റ്റിൽ നിന്നും ഓരോ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ അനുസരിച്ച് നിയമനശുപാർശ നൽകും. 2021 ഡിസംബറിലായിരുന്നു ഈ തസ്തികയിലേക്ക് അവസാനമായി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇതിലെ റാങ്ക് ലിസ്റ്റ് 2027 ജനുവരി മാസത്തിലാകും കാലാവധി അവസാനിക്കുക. ഇതുവരെ 2426 പേർക്ക് ഇതിൽ നിന്നും നിയമനശുപാർശ ലഭിച്ചിട്ടുണ്ട്. കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ അസിസ്റ്റന്റ് വിജ്ഞാപനം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെയാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിലേക്കും വിജ്ഞാപനം പി.എസ്.സി. തയ്യാറാക്കിയത്.
2426 നിയമനശുപാർശ
നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നും ഇതുവരെ 2426 പേർക്കാണ് നിയമനശുപാർശ അയച്ചത്. ഇതിൽ 958 എണ്ണവും എൻ.ജെ.ഡിയാണ്.