തുലാവർഷം തുടങ്ങിയപ്പോഴേ നിറഞ്ഞ് പാലക്കാട്ടെ ഡാമുകൾ
പാലക്കാട്: തുലാവർഷത്തിന്റെ തുടക്കത്തിൽ തന്നെ പാലക്കാട് ജില്ലയിലെ ഡാമുകൾ നിറയുന്നു. വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ അതിശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയിൽ എട്ട് ഡാമുകളാണ് തുറന്നിട്ടുള്ളത്. മലമ്പുഴ, മീങ്കര, വാളയാർ, ചുള്ളിയാർ, മംഗലം, കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളും മൂലത്തറ റെഗുലേറ്ററുമാണ് പരമാവധി സംഭരണശേഷിയോട് അടുത്തതിനാൽ നിലവിൽ തുറന്നിട്ടുള്ളത്. മലമ്പുഴ ഡാമിന്റെ നാലു സ്പിൽവേ ഷട്ടറുകളും തുറന്നിട്ടുണ്ട്. 40 സെ.മീ വീതമാണ് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുന്നത്. കുടിവെള്ളത്തിനായും ജലവിതരണം നടത്തുന്നുണ്ട്. 115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 115.00 മീറ്ററാണ് ജലനിരപ്പ്. മീങ്കര ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ മൂന്ന് സെ.മീ വീതം തുറന്നിട്ടുണ്ട്. 156.36 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിൽ ഇന്നലെത്തെ ജലനിരപ്പ് 156.19 മീറ്ററിലെത്തി. 203 മീറ്റർ സംഭരണശേഷിയുള്ള വാളയാർ ഡാമിൽ 202.78 മീറ്റർ വരെ ജലനിരപ്പെത്തി. ഒരു ഷട്ടർ രണ്ടു സെ.മീ തുറന്നിട്ടുണ്ട്. ചുള്ളിയാർ ഡാമിന്റെ ഒരു ഷട്ടർ മൂന്ന് സെ.മീ ആണ് തുറന്നിട്ടുള്ളത്. 154.08 മീറ്റർ പരമാവധി ജലനിരപ്പുള്ള ഡാമിൽ നിലവിൽ 153.83 മീ. ജലനിരപ്പുണ്ട്. മംഗലം ഡാമിന്റെ ആറു ഷട്ടറുകളും തുറന്ന് വെള്ളം പുറത്തുവിടുന്നുണ്ട്. അഞ്ച് സെ.മീ വീതമാണ് ഷട്ടറുകൾ തുറന്നിട്ടുള്ളത്. 77.88 മീ. ആണ് ഡാമിന്റെ പരമാവധി സംഭരണശേഷി. നിലവിൽ 77.19 മീ. വെള്ളമുണ്ട്. പോത്തുണ്ടി ഡാമിൽ ജലനിരപ്പ് പരമാവധിയോട് അടുത്തിട്ടുണ്ടെങ്കിലും ഷട്ടറുകൾ തുറന്നിട്ടില്ല. നിലവിൽ കുടിവെള്ള വിതരണം മാത്രമാണ് നടക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെ.മീ വീതവും റിവർ സ്ലൂയിസ് രണ്ട് സെ.മീറ്ററും തുറന്നിട്ടുണ്ട്. ശിരുവാണി ഡാമിന്റെ റിവർ സ്ലൂയിസ് ആറു സെ.മീ ആണ് തുറന്നിട്ടുള്ളത്. മൂലത്തറ റെഗുലേറ്ററിന്റെ ഒരു ഷട്ടർ 50 സെ.മീറ്ററും രണ്ട് ഷട്ടറുകൾ 80 സെ.മീ വീതവും ഉയർത്തിയിട്ടുണ്ട്. മലമ്പുഴ, മീങ്കര, വാളയാർ, ചുള്ളിയാർ, മംഗലം, പോത്തുണ്ടി ഡാമുകൾ റെഡ് അലർട്ടിലാണ്. തിങ്കളാഴ്ച ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.